കഴിഞ്ഞ വര്‍ഷത്തെ തെലുങ്ക് ചിത്രങ്ങളില്‍ ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളിലൊന്നായിരുന്നു അര്‍ജുന്‍ റെഡ്ഡി. തെലുങ്കില്‍ മാത്രമല്ല, മലയാളത്തിലും മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. അര്‍ജുന്‍ റെഡ്ഡിയിലെ പ്രകടനത്തിന് വിജയ് ദേവാരെകാണ്ടക്ക് ഇത്തവണത്തെ മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു.
എന്നാല്‍ തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌കാര ശില്‍പ്പം ലേലം ചെയ്യാനൊരുങ്ങുകയാണ് താരം. ബ്ലാക്ക് ലേഡി എന്ന് അറിയപ്പെടുന്ന ശില്‍പ്പം ലേലം ചെയ്ത് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് വിജയ് ദേവാരക്കൊണ്ട തീരുമാനിച്ചിരിക്കുന്നത്.
‘ശില്‍പ്പം എന്റെ ഷെല്‍ഫില്‍ വെറുതെ ഇരിക്കുകയേ ഉള്ളൂ. ജീവിതം വളരെ നീളമേറിയതാണ്. അതിന് ഒരു അര്‍ത്ഥം നല്‍കുന്ന കാര്യമാണ് ഈ ലേലമെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല എന്റെ പേരക്കുട്ടികളോട് എനിക്ക് പറയാന്‍ കഴിയുന്ന നല്ല ഒരു കഥ കൂടിയാണിത്’- വിജയ് ദേവാരെകാണ്ട പറഞ്ഞു.