ബിഗിലിന്റെ നൈറ്റ് ഷോ റദ്ദാക്കിയതില്‍ പ്രതിഷേധവുമായി വിജയ് ആരാധകര്‍

ചെന്നൈ : അറ്റ്‌ലീ-വിജയ് ചിത്രം ബിഗിലിന്റെ നൈറ്റ് ഷോ റദ്ദാക്കിയതില്‍ പ്രതിഷേധവുമായി വിജയ് ആരാധകര്‍. തെരുവിലെ വാഹനങ്ങള്‍ നശിപ്പിച്ച പ്രതിഷേധക്കാര്‍ കടകളും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ 32 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ ഫൈവ് സ്റ്റാര്‍ ജംഗ്ഷനിലാണ് സംഭവം. ടിക്കറ്റിന് അമിതമായ ചാര്‍ജ് ഈടാക്കുന്ന എന്ന ആരോപണത്തെത്തുടര്‍ന്നാണ് പ്രത്യേക ഷോകള്‍ നടത്തുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കിയിരുന്നത്. എന്നാല്‍ ബിഗില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഈ വിലക്കിന് സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. ഇതില്‍ ആവേശഭരിതരായി തടിച്ചു കൂടിയ ആളുകളാണ് പ്രശ്‌നമുണ്ടാക്കിയത്.

ഇളവ് മാറ്റി ചിത്രത്തിനു സ്‌പേഷ്യല്‍ ഷോ ഉണ്ടെന്നറിഞ്ഞ ആരാധകര്‍ തീയറ്ററിനു മുന്‍പില്‍ തടിച്ചുകൂടി പടക്കം പൊട്ടിച്ചും മറ്റും ആഘോഷിച്ചു. എന്നാല്‍ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം തീയറ്റര്‍ അധികൃതര്‍ക്ക് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രത്യേക ഷോ റദ്ദാക്കിയതായി ആരാധകരോട് തിയറ്റര്‍ അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ ആരാധകര്‍ അക്രമാസക്തരാവുകയായിരുന്നു.

Top