ആകാംക്ഷയ്ക്ക് വിരാമം; തിയറ്റര്‍ ഇളക്കി മറിക്കാന്‍ ദളപതിയുടെ ബിഗില്‍ ഓക്ടോബര്‍ 25 ന് എത്തും

ദളപതി വിജയ് ആരാധകര്‍ ഏറെ ആകാംഷയേടെ കാത്തിരുന്ന ‘ബിഗില്‍’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് മദ്രാസ് ഹൈക്കോടതി നീട്ടിവെച്ചതോടെയാണ് പ്രതിസന്ധികളൊന്നുമില്ലാതെ ‘ബിഗിലി’ന്റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വനിതാ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി വിജയ് എത്തുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ഒക്ടോബര്‍ 25ന് ലോകമാകമാനമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ബിഗിലിന്റെ കഥ തന്റേതാണെന്ന് ആരോപിച്ച് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന്‍ അംഗം കെ പി സെല്‍വയാണ് കോടതികളെ സമീപിച്ചത്. പരാതിക്കാരന്‍ ആദ്യം ചെന്നൈ സിറ്റി സിവില്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും പിന്നീട് അത് പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രീകരണവും റിലീസും തടയണമെന്ന് ആവശ്യപ്പെട്ടാണ് സെല്‍വ ചെന്നൈ സിറ്റി സിവില്‍ കോടതിയെ സമീപിച്ചതെങ്കിലും പരാതിക്ക് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കേണ്ട സമയമായപ്പോള്‍ പരാതിക്കാരന്‍ തന്നെ പരാതി പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഇതേ ആവശ്യവുമായി ഇയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പരാതി തള്ളിക്കളയണമെന്ന് നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സ് സിവില്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.

ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 12-ാം തീയതി റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ യൂടൂബില്‍ മാത്രം ഏഴ് മണിക്കൂറിനുള്ളില്‍ ഒരുകോടി ആളുകളാണ് കണ്ടത്.

എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനു മുമ്പ് തന്നെ സിനിമയുടെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് ഏറ്റെടുത്തിരുന്നു. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നു സ്വന്തമാക്കിയത്.

Top