പീഡന പരാതി; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കൊച്ചി: യുവ നടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ എറണാകുളം സൗത്ത് പൊലീസാണ് ചോദ്യം ചെയ്യുക. കൊച്ചിയിലെ വിവിധ ഫ്‌ളാറ്റുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ സ്ഥലങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പും തുടരും. ഇന്നലെ പനമ്പള്ളി നഗറിലെ ഡി ഹോംസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഇന്നലെയാണ് വിജയ് ബാബു അറസ്റ്റിലാകുന്നത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

Top