വിജയ് ബാബുവിന്റെ ജാമ്യം ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ ജാമ്യം ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് വാറന്റ് വാങ്ങിയെന്നും ദുബായിലുള്ള വിജയ് ബാബു കൊച്ചിയിലെത്തിയാൽ അറസ്റ്റിലാകുമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ജാമ്യം ഹർജിയിൽ പറയുന്നു.

കഴിഞ്ഞ രണ്ട് തവണയും വിജയ് ബാബുവിന്റെ ജാമ്യഹർജി ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു. വിജയ് ബാബു ആദ്യം കേരളത്തിൽ എത്തട്ടെ എന്നും രേഖകളെല്ലാം കോടതിയ്ക്ക് നൽകട്ടേ എന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി.

ഈ മാസം 30 ന് കേരളത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ മുൻകൂർ! ജാമ്യ ഹർജി തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.
വിജയ് ബാബു തിരിച്ചെത്തുന്നത് വരെ ഇടക്കാല ജാമ്യം നൽകിക്കൂടെ എന്ന് കോടതി വാക്കാൽ ചോദിച്ചെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വിജയ് ബാബുവിനെതിരേ ശക്തമായ വാദങ്ങളാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്. തുടർന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ന് ഇടക്കാല ജാമ്യ ഹർജിയിൽ തീരുമാനമുണ്ടാകും. അതേ സമയം ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോർണർ നോട്ടീസ് ഇറങ്ങുന്നത് വൈകാൻ കാരണം. എന്നാൽ കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. 30ആം തീയതി പുലർച്ചയോടുകൂടി വിജയ് ബാബു നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് വിജയ്ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

Top