ജീവനക്കാരൻ വാഹനത്തിൽ ഇരുന്ന് ഉറങ്ങി, മരട് ഫ്ലാറ്റ് കേസ് ഉൾപ്പെടെയുള്ള വിജിലൻസ് കോടതി രേഖകൾ നഷ്ടപ്പെട്ടു

മൂവാറ്റുപുഴ : വിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ യാത്രാമധ്യേ ‘നഷ്ടപ്പെട്ടു’. സംഭവത്തിൽ പന്തികേടു തോന്നി കോടതി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തു വളരെ അധികം ചർച്ച ചെയ്യപ്പെട്ട മരട് ഫ്ലാറ്റ് കേസ് ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ടുകളും രേഖകളുമാണു നഷ്ടപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിച്ചിരുന്ന പത്തോളം കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകളും രേഖകളും കൂട്ടത്തിലുണ്ട്.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്നു തൃശൂർ വിജിലൻസ് കോടതിയിലേക്കു കൊണ്ടു പോയ രേഖകൾ തിരികെകൊണ്ടുവരുമ്പോൾ ചാലക്കുടിയിൽ വച്ചു നഷ്ടപ്പെട്ടെന്നാണു മൊഴി. ജഡ്ജി ഇതുവരെ ചുമതല ഏറ്റെടുക്കാത്തതുകൊണ്ടും അഡീ. ലീഗൽ അഡ്വൈസർ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലും മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. പകരം ചുമതല വഹിക്കുന്നതു തൃശൂർ വിജിലൻസ് ജഡ്ജിയാണ്.

കോടതിയിൽ ക്ലാസ് ഫോർ തസ്തികയിൽ ജോലി ചെയ്തിരുന്ന നേര്യമംഗലം സ്വദേശി മുരുകനാണു ഫയലുകളുമായി തൃശൂരിലേക്കു പോയത്. ജീവനക്കാരൻ വാഹനത്തിൽ ഇരുന്ന് ഉറങ്ങിപ്പോയപ്പോൾ ഫയലുകൾ നഷ്ടപ്പെട്ടെന്നാണു വിശദീകരണം. ഫയൽ നഷ്ടപ്പെട്ടതോടെ ജീവനക്കാരൻ കോടതിയിലേക്കു തിരികെ വന്നില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ  കോടതി ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് മുരുകനെ പിടികൂടിയപ്പോഴാണു ഫയലുകൾ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ ഇക്കാര്യം കാണിച്ചു പുതിയ പരാതി നൽകി. മുരുകനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

തൃശൂർ വിജിലൻസ് കോടതി പരിസരത്തും രേഖകൾ അടങ്ങിയ ഫയലുകൾ നഷ്ടമായെന്നു പറയപ്പെടുന്ന ചാലക്കുടിയിലും ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ഫയലുകൾ കാണാതായ സംഭവത്തിൽ വിജിലൻസ് കോടതി അധികൃതർ പ്രതികരിക്കാൻ തയാറായില്ല.

മരട് ഫ്ലാറ്റ് കേസ് ഉൾപ്പെടെയുള്ളവയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫയലുകൾ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാതെ ക്ലാസ് ഫോർ തസ്തികയിൽ ജോലി ചെയ്യുന്ന ആളുടെ കൈവശം കൊടുത്തുവിട്ടതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. ഫയലുകൾ നഷ്ടപ്പെട്ടത് ആസൂത്രിതമായാണോ എന്നും സംശയം ഉയർന്നിട്ടുണ്ട്. ഫയലുകളും രേഖകളും ആവശ്യമുള്ള, കേസുമായി ബന്ധപ്പെട്ടവരുടെ നിരീക്ഷണം ജീവനക്കാരനു മേൽ ഉണ്ടായിരുന്നിരിക്കാമെന്നും ഇയാളെ പിന്തുടർന്ന്  ഫയലുകൾ കൈക്കലാക്കിയതാകാമെന്നും സംശയിക്കുന്നു.

സംഭവ ദിവസം കോടതി ജീവനക്കാരുടെ ഫോൺ വിളികളും സൈബർ സെൽ പരിശോധിക്കുന്നുണ്ട്. ഫയലുകളുമായി ജീവനക്കാരൻ പുറത്തേക്കു പോയതിനു ശേഷം കോടതി പരിസരത്തെ ടവറിന്റെ പരിധിയിൽ ഉണ്ടായ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. ജീവനക്കാരന്റെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം മൂവാറ്റുപുഴ, തൃശൂർ വിജിലൻസ് കോടതികളിലെ ചില ജീവനക്കാരെക്കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Top