vigilance tighted knot vellappally; BJP did not protected

തിരുവനന്തപുരം: ബിജെപിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കൈവിടുന്നു.

മൈക്രോഫിനാന്‍സ് കേസില്‍ പ്രതിയായ വെള്ളാപ്പള്ളി നടേശനെതിരെ കൂടുതല്‍ കുരുക്കുകള്‍ മുറുകി കൊണ്ടിരിക്കെ പ്രതിഷേധം ചില നേതാക്കളുടെ പ്രസ്താവനയില്‍ മാത്രമായി ഒതുക്കുകയാണ് ബിജെപി നേതൃത്വം.

ഇടതുപക്ഷം അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ ‘മണിയടിച്ചും’ വിഎസിനെ ഇകഴ്ത്തി കാണിച്ചും വെള്ളാപ്പള്ളി നടത്തിയ രാഷ്ട്രീയ അഭ്യാസം അവസരവാദപരമാണെന്ന നിലപാടിലാണ് ബിജെപി നേതാക്കള്‍.

ഇങ്ങനെയുള്ള അവസരവാദികളെ പേറി നടന്ന് പാര്‍ട്ടിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തരുതെന്ന് പ്രബല വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.

കഴിഞ്ഞ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടമുണ്ടായത് സംഘടനാപരമായ കഴിവ് കൊണ്ടും കേന്ദ്രഭരണത്തിന്റെ പശ്ചാത്തലത്തിലുമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം.

എസ്എന്‍ഡിപി യോഗം ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചത് ക്ലിക്കായില്ലെന്ന് മാത്രമല്ല വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രസംഗങ്ങള്‍ ബിജെപിക്ക് ക്ഷീണം ചെയ്‌തെന്ന നിലപാടും പാര്‍ട്ടിക്കുണ്ട്.

കേന്ദ്ര മന്ത്രിസഭയുടെ ആനുകൂല്യം ലക്ഷ്യമിട്ടാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്ന പ്രചരണം പാര്‍ട്ടി അണികളിലും കടുത്ത അതൃപ്തിക്ക് കാരണമായത് ജില്ലാ നേതൃത്വങ്ങള്‍ സംസ്ഥാന ഘടകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിയെ പരിധി വിട്ട് സംരക്ഷിക്കാന്‍ നിന്നാല്‍ അത് പൊതു സമൂഹത്തിനിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലും ഇതിന്റെ ഭാഗമാണ്.
വെള്ളാപ്പള്ളിയുമായി ബന്ധമുള്ള കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി ഭരണത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തരെയാണ് ആദ്യം പരിഗണിക്കേണ്ടതെന്നാണ് പൊതുവികാരം.

ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ കുറിച്ചും എടുത്ത് ചാടി അഭിപ്രായപ്രകടനം നടത്തേണ്ടതില്ലെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്.

വെള്ളാപ്പള്ളിയുമായി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ശിവഗിരി മഠത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനും ആര്‍എസ്എസിനുമുള്ളത്.

ശാശ്വതീകാനന്ദ കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം.

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും പ്രതിക്കൂട്ടിലാക്കി ശാശ്വതീകാനന്ദയുടെ കുടുംബവും ശ്രീനാരായണ ധര്‍മ്മവേദിയും നേരത്തെ രംഗത്ത് വന്നിരുന്നു.

അതേസമയം മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പദ്ധതിയില്‍ അഴിമതി നടന്നെന്ന പരാതികളെ ആദ്യഘട്ടത്തില്‍ തള്ളി കളഞ്ഞ എസ്എന്‍ഡിപി യോഗ നേതൃത്വം താഴെ തട്ടില്‍ ക്രമക്കേടുകള്‍ നടന്നെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ അതിന് ജനറല്‍ സെക്രട്ടറി ഉത്തരവാദിയല്ലെന്നായിരുന്നു വാദം.

എന്നാല്‍ ഇപ്പോള്‍ കേസന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവിധ ഇടങ്ങളില്‍ ആഘോഷമായി നടന്ന മൈക്രോഫിനാന്‍സ് ആനുകൂല്യ വിതരണ ചടങ്ങില്‍ മുഖ്യാതിഥി വെള്ളാപ്പള്ളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പലയിടത്തും കൃത്രിമ സംഘങ്ങള്‍ രൂപീകരിക്കുകയും ഫണ്ട് വക മാറ്റിയതും സംബന്ധമായ സുപ്രധാന വിവരങ്ങളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

അനുവദിക്കപ്പെട്ട ഫണ്ട് കൃത്യമായി വിനിയോഗിച്ചെന്ന് കാട്ടി പിന്നോക്ക വികസന കോര്‍പ്പറേഷന് ഒപ്പ് വച്ച രേഖ നല്‍കിയതും വെള്ളാപ്പള്ളി തന്നെയാണ്.

ഇപ്പോള്‍ അന്വേഷിക്കുന്ന 15 കോടിയുടെ ക്രമക്കേടിന് പുറമെ 850 കോടിയുടെ ഇടപാടും വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലാണ്.

വിവിധ ബാങ്കുകളെ മൈക്രോഫിനാന്‍സിന്റെ പേരില്‍ കബളിപ്പിച്ചാണ് ഈ തുക വാങ്ങിയെടുത്തതെന്നാണ് ശ്രീനാരായണ ധര്‍മ്മ വേദിയുടെ പരാതി.

എസ്എന്‍ഡിപി യോഗത്തിന് നിയമപരമായി ഒരു സാമ്പത്തിക ഇടപാടും നടത്താനാകില്ലെന്നും ഇക്കാര്യം മറിച്ച് വച്ചാണ് തുക ‘അടിച്ച്’ മാറ്റിയതെന്നാണ് ആക്ഷേപം.

നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ പരാതി വിജിലന്‍സിന് വിടാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

Top