കൈക്കൂലി കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പി മുങ്ങി

തിരുവനന്തപുരം: കൈക്കൂലി കേസിൽ കുടുങ്ങിയ വിജിലൻസ് ഡിവൈഎസ്പി പി വേലായുധൻ നായർ റെയ്ഡിനിടെ മുങ്ങി. അടുത്തിടെ കൈക്കൂലി കേസിൽ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുൻ സെക്രട്ടറി എസ് നാരായണനിൽ നിന്ന് വേലായുധൻ നായർ 50000 രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. അവിഹിത സ്വത്ത് കേസ് ഒതുക്കിതീർക്കാനാണ് കൈക്കൂലി വാങ്ങിയത് എന്നതാണ് വിജിലൻസ് കണ്ടെത്തൽ. കൂടുതൽ തെളിവുകൾ തേടി വേലായുധൻ നായരുടെ കഴക്കൂട്ടത്തെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് മുങ്ങിയത്.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കേസിൽ കൂടുതൽ തെളിവുകൾ തേടി ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം സ്‌പെഷ്യൽ വിജിലൻസ് യൂണിറ്റ് രണ്ട് റെയ്ഡ് ആരംഭിച്ചത്. രാത്രി ഒൻപത് മണിയോടെ റെയ്ഡ് അവസാനിപ്പിച്ചു. റെയ്ഡിൽ വേലായുധൻ നായർക്കെതിരെ തെളിവുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. തുടർന്ന് വീട്ടിൽ നിന്ന് ശേഖരിച്ച തെളിവുകൾ രേഖപ്പെടുത്തിയ മഹസറിൽ വേലായുധൻ നായരെ കൊണ്ട് ഒപ്പുവെപ്പിച്ചു. പിന്നാലെ വീടിന് പിറകുവശത്തേയ്ക്ക് പോയ വേലായുധൻ നായരെ കാണാതാവുകയായിരുന്നു. രാത്രി മുഴുവൻ വേലായുധൻ നായരെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. കേസിൽ അറസ്റ്റിലാവുമെന്ന ഭയമാണ് മുങ്ങാൻ വേലായുധൻ നായരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. വേലായുധൻ നായർ മുങ്ങിയെന്ന് കാണിച്ച് ഇന്ന് വിജിലൻസ് എസ്പി കഴക്കൂട്ടം പൊലീസിന് പരാതി നൽകും.

വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പി വി അജയകുമാറാണു വേലായുധൻ നായർക്കെതിരായ കൈക്കൂലി കേസ് അന്വേഷിക്കുന്നത്. നാരായണനെയും തിരുവല്ല മുനിസിപ്പാലിറ്റി ഓഫിസ് അസിസ്റ്റന്റ് ഹസീന ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ 2 ആഴ്ച മുൻപാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. ഈ കേസ് അന്വേഷണത്തിനിടെയാണു വേലായുധൻ നായരും നാരായണനും മുൻപു നടത്തിയ സാമ്പത്തിക ഇടപാടുകൾ പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരൻ കണ്ടെത്തിയത്. 2021-22 കാലയളവിൽ നാരായണൻ ചെങ്ങന്നൂർ മുനിസിപ്പൽ സെക്രട്ടറിയായിരിക്കെ ഫെഡറൽ ബാങ്കിന്റെ ചെങ്ങന്നൂർ ബ്രാഞ്ചിൽ നിന്നു കഴക്കൂട്ടം ബ്രാഞ്ചിലേക്കു 2021 സെപ്റ്റംബർ 30നു വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റെ അക്കൗണ്ടിലേക്കു 50,000 രൂപ മാറ്റിയതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.

നാരായണനെതിരായ അവിഹിത സ്വത്തു സമ്പാദന കേസ് അന്വേഷിച്ചിരുന്നതു സ്‌പെഷൽ സെൽ ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരായിരുന്നു. ഇതിനു പിന്നാലെ നാരായണനെതിരായ കേസ് ‘മിസ്റ്റേക്ക് ഓഫ് ഫാക്ട്’ ആണെന്നും തുടർനടപടി ആവശ്യമില്ലെന്നും കാണിച്ചു വിജിലൻസ് കോടതിയിൽ നാരായണനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകി. റിപ്പോർട്ട് വിജിലൻസ് എസ്പി റെജി ജേക്കബ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനു കൈമാറിയതിനു പിന്നാലെയാണു വേലായുധൻ നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഡയറക്ടർ നിർദേശിച്ചത്.

Top