സംസ്ഥാനത്തെ വിദേശ മദ്യ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ വിദേശ മദ്യ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മദ്യം പൊതിഞ്ഞ് നല്‍കാതെ പൊതിയുന്നതിനുള്ള തുക സര്‍ക്കാരില്‍ നിന്നും എഴുതി എടുക്കുന്നതായും വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരേ സമയം സംസ്ഥാനത്തുടനീളമുള്ള കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിലുള്ള വിദേശ മദ്യ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സ് വ്യാപക മിന്നല്‍ പരിശോധന നടത്തിയത്.

മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് ഐപിഎസ് പറഞ്ഞു.

വിദേശ മദ്യ ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാല്‍ അധിക തുക ഈടാക്കുന്നു. സ്റ്റോക്കുണ്ടായിരുന്നാലും കമ്മീഷന്‍ കുറവ് ലഭിക്കുന്ന മദ്യങ്ങള്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. കമ്മീഷന്‍ കൂടുതല്‍ ലഭിക്കുന്ന മദ്യങ്ങള്‍ മാത്രം വില്പന നടത്തുന്നുവെന്ന് തുടങ്ങി വില കൂടിയ മദ്യ ബ്രാന്‍ഡുകള്‍ പൊട്ടിയതായി കാണിച്ച് അവ കരിഞ്ചന്ത വഴി വില്പന നടത്തുന്നതായും വിദേശ മദ്യ ഔട്ട് ലെറ്റുകളെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു.

Top