പോക്സോ കേസിലെ അതിജീവിതയുടെ മൊഴിമാറ്റാൻ പ്രോസിക്യൂട്ടർ ശ്രമിച്ചെന്ന് വിജിലൻസ്

തിരുവനന്തപുരം: പോക്സോ കേസിലെ അതിജീവിതയുടെ മൊഴിമാറ്റാൻ സർക്കാർ അഭിഭാഷകൻ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വിജിലൻസ്. നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിനും ലീഗൽ സർവ്വീസ് അതോറിറ്റിക്കും റിപ്പോർട്ട് നൽകി. വിജിലൻസ് റിപ്പോർട്ടിൽ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ഉടൻ തുടർ നടപടി സ്വീകരിക്കും.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പാറശാല പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ അതിജീവിതയെ പ്രതിക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പോക്സോ കേസിലെ അതിജീവിത ജില്ലാ ലീഗൽ സർവ്വീസ് അതോററ്റിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. നെയ്യാറ്റിൻകര പോക്സോ കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങി ശേഷമാണ് അട്ടിമറിയുണ്ടായത്. വിചാരണ തുടങ്ങിയാൽ അതിജീവിതയെ സഹായിക്കേണ്ടത് പോക്സോ കോടതിയിലെ സർക്കാർ അഭിഭാഷകന്റെ ചുമതലയാണ്. വ്യക്തമായി കോടതിയിൽ മൊഴി നൽകാൻ അതിജീവിതയ്ക്ക് ആത്മവിശ്വാസം കൊടുക്കേണ്ടതും സംരക്ഷിക്കേണ്ടതും പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ചുമതലയാണ്.

കോടതിയിൽ മൂന്നു പ്രാവശ്യം മൊഴി നൽകാൻ വന്നിട്ടും പ്രോസിക്യൂട്ടർ കോടതിയിൽ കയറ്റിയില്ലെന്നാണ് അതിജീവിതയുടെ പരാതി. മൂന്നാമത്തെ പ്രവാശ്യം കോടതിയിൽ എത്തിയപ്പോള്‍ മൊഴി മാറ്റിപ്പറയണമെന്നാവശ്യവുമായി ഒരു കവറിൽ പണമിട്ട് ഓഫീസിൽ വച്ച് അഭിഭാഷകൻ നൽകിയെന്നും പരാതിയുണ്ട്. പണം സ്വീകരിക്കാതെ പുറത്തിറങ്ങി അമ്മയോടും സഹായത്തിനായി എത്തിയ പൊതുപ്രവർത്തകയോടും കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പെണ്‍കുട്ടി പരാതിയിൽ ഉന്നയിച്ചതും വിജിലൻസിന് നൽകിയ മൊഴിയും.

പണം നൽകി അഭിഭാഷകന്‍ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നൽകിയ പരാതി വിജിലൻസ് ഡയറക്ടറിന് കൈമാറി. തിരുവനന്തപുരം സപെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ കഴമുണ്ടെന്ന് വ്യക്തമായത്. അതിജീവിതയായ പെണ്‍കുട്ടിയും അമ്മയും സഹായത്തിനായി ഉണ്ടായിരുന്ന സ്ത്രീയുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി കോടതിയിൽ എത്തിയ ദിവസവും കേസ് മാറ്റിവയ്ക്കാൻ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടതായും വിജിലൻസ് കണ്ടെത്തി.

കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രോസിക്യൂട്ടർ അജിത് തങ്കയ്യനെതിരെ ക്രിമിൽ കേസെടുക്കമെന്നാണ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവ്വീസ് അതോററ്റിക്ക് വിജി. ഡയറക്ടർ നൽകിയ ശുപാർശ. പോക്സോ കേസുകള്‍ വേഗത്തിൽ തീർക്കാൻ കേന്ദ്രസർക്കാർ സഹായത്തോടെ തുടങ്ങിയ 53 താൽക്കാലിക പോക്സോ കോടതിയിൽ ഒന്നാണ് നെയ്യാറ്റിൻകരയിലേത്. ഇവിടെ നിയമനം ലഭിച്ച അജിത് തങ്കയ്യയുടെ നിയമന കാലാവധി കഴിഞ്ഞിട്ടും മറ്റൊരു അഭിഭാഷകൻ ചുമതലയേൽക്കുന്നവരെ തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ഇപ്പോഴും പോക്സോ കേസുകളിൽ ഹാജരാവുകയാണ്.

Top