കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലകസ് നിര്‍മ്മാണത്തില്‍ ഗുരുതര പിഴവുകളെന്ന് വിജിലന്‍സ്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡിസൈനറെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ ഡിസൈന്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കെട്ടിടത്തിന്റെ രണ്ട് നിലകളില്‍ ചോര്‍ച്ചയും ബലക്കുറവുമുണ്ടെന്നും വിജിലന്‍സ് കണ്ടെത്തല്‍.

കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്ന വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ നിര്‍മാണത്തിന് വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നതാണ് പഠന റിപ്പോര്‍്ട്ട. ഈ സാഹചര്യത്തില്‍ ബസ്സ്റ്റാന്റ് താല്‍ക്കാലികമായി മാറ്റാനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

നിലവിലെ ഡിപ്പോ പൂര്‍ണമായും ഒഴിപ്പിച്ച് ബലപ്പെടുത്താനുള്ള പണികളുടെ ടെന്റര്‍ വിളിക്കും. മൂന്ന് മാസത്തിനുള്ളില്‍ ബലപ്പെടുത്തല്‍ നടപടികള്‍ തുടങ്ങാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. 2015 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മ്മിച്ചത്. 76 കോടി രൂപയാണ് ചെലവിലാണ് സമുച്ചയം നിര്‍മ്മിച്ചത്. വലിയ വ്യാപ്തിയുള്ള കെട്ടിടത്തിലെ ചില മുറികള്‍ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതലെ നിരവധി പരാതികളാണ് കെട്ടിടത്തിന്റെ അപാകത സംബന്ധിച്ച് ഉയര്‍ന്നു വന്നത്. നിലവിലെ ബലക്ഷയം പരിഹരിക്കാന്‍ 30 കോടിയോളം രൂപ ചെലവാവുമെന്നാണ് കണക്കു കൂട്ടുന്നത്.

 

Top