ലൈഫ് മിഷന്‍ രേഖകള്‍ സിബിഐക്ക് കൈമാറേണ്ടെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദ രേഖകള്‍ കോടതി നിര്‍ദേശം ഇല്ലാതെ സിബിഐക്ക് കൈമാറേണ്ടെന്ന് വിജിലന്‍സ്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നീക്കം തുടങ്ങി.

സിബിഐ എത്തുന്നതിന് മുമ്പ് തന്നെ ലൈഫ് മിഷന്‍ ആസ്ഥാനത്ത് എത്തി വിജിലന്‍സ് സംഘം കരാറുമായി ബന്ധപ്പെട്ട രേഖകളും കൈവശപ്പെടുത്തി. ഇതേ രേഖകള്‍ സിബിഐ അന്വേഷണത്തിലും ഏറെ പ്രധാനമാണ്. എന്നാല്‍ കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടതു കൊണ്ട് മാത്രം ഈ രേഖകള്‍ വിട്ടു നല്‍കില്ല. രേഖകളെല്ലാം വിജിലന്‍സ് സംഘം തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

തുടരന്വേഷണത്തിനായി കോടതി തന്നെ ഈ രേഖകള്‍ അന്വേഷണ സംഘത്തിന് നല്‍കി. ഈ സാഹചര്യത്തില്‍ കോടതി ഇടപെട്ടാല്‍ മാത്രം രേഖകള്‍ നല്‍കാം എന്നാണ് വിജിലന്‍സ് നിലപാട്. ലൈഫ് ധാരണാപത്രം, ഇതിലേക്ക് നയിച്ച മറ്റ് രേഖകള്‍, നിയമവകുപ്പിന്റേതടക്കം വിവാദമായ ഫയലുകള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

Top