ഐഎഎസ് നേടാന്‍ തലശേരി സബ് കളക്ടര്‍ നല്‍കിയത് വ്യാജ രേഖ; വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഐഎഎസ് നേടാനായി തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് നല്‍കിയത് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ആസിഫിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി സമര്‍പ്പിച്ച വരുമാന സര്‍ട്ടിഫിക്കാണ് വ്യാജമായി തയ്യാറാക്കി നല്‍കിയത്. ഒബിസി സംവരണം കിട്ടാന്‍ ആസിഫ് കെ യൂസഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് എറണാകുളം ജില്ലാ കളക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

ആസിഫിനുവേണ്ടി കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ ക്രീമിലെയര്‍-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെയും കണ്ടെത്തല്‍. ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് ചീഫ് സെക്രട്ടറിക്ക് കളക്ടര്‍ എസ്. സുഹാസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ. യൂസഫ്. നോണ്‍ ക്രീമിലയര്‍ ഉദ്യോഗാര്‍ത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐഎഎസ് ലഭിച്ചത്. 2015ല്‍ ആസിഫ് പരീക്ഷയെഴുതുമ്പോള്‍ കുടുബത്തിന് 1.8 ലക്ഷം വരുമാനം മാത്രമേയുള്ളൂവെന്നായിരുന്നു യുപിഎസ്സിക്ക് നല്‍കിയ രേഖ. എന്നാല്‍ ഇത് തെറ്റാണെന്ന് ജില്ലാ കളക്ടര്‍ സുഹാസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആസിഫിന്റെ കുടുംബം ആദായനികുതി അടക്കുന്നവരാണെന്നും 2015ല്‍ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും ജില്ലാ കളക്ടര്‍ കണ്ടെത്തി. ആദായനികുതി വകുപ്പിന് ആസിഫിന്റെ മാതാപിതാക്കള്‍ നല്‍കിയ രേഖയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിവില്‍ സര്‍വ്വീസ് നേടാന്‍ വ്യാജരേഖകളാണ് ഹാജരാക്കിയതെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ആസിഫിനെതിരെ ആ തലത്തിലും നടപടിയുണ്ടാകും.

Top