Vigilance probe into capitation fee issue

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നത് പരിശോധിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയത് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഇരുട്ടടിയാവും.

ഇപ്പോള്‍ നടന്ന സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം മാത്രമല്ല മുന്‍കാലങ്ങളില്‍ നടന്ന പ്രവേശനങ്ങളിലെ ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണ്.

പ്രത്യേകിച്ച് 25ഓളം യുഡിഎഫ് നേതാക്കളുടെ മക്കള്‍ക്ക് അനധികൃതമായും മാനദണ്ഡങ്ങള്‍ ലംഘിച്ചും പ്രവേശനം നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ പിടിമുറുക്കിയാല്‍ ഇപ്പോള്‍ സമരത്തിന് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം പ്രതിരോധത്തിലാകും.

ബഹുഭൂരിപക്ഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും പ്രവേശനം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നടന്ന പ്രവേശനം മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്നതാണ് പ്രധാനമായും വിജിലന്‍സ് പരിശോധിക്കുക.

പ്രത്യേകിച്ച് റാങ്ക് ലിസ്റ്റില്‍ മുന്നിലുള്ളവരെ തഴഞ്ഞ് പ്രവേശനം നടത്തിയെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സിന്റെ ഈ നടപടി ഒരു വിഭാഗം സ്വാശ്രയ മാനേജ്‌മെന്റുകളുടെ ചങ്കിടിപ്പിക്കുന്നതാണ്.

വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് കമ്മീഷന് മുന്നിലുള്ള 1,200 ഓളം പരാതികളെ കുറിച്ചും അന്വേഷണമുണ്ടാകും.

അഡ്മിഷനില്‍ നിന്നും തഴയപ്പെട്ടവര്‍ പരാതിയുമായി നേരിട്ട് വിജിലന്‍സിനെ സമീപിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

തലവരിപ്പണം കൊടുക്കുന്നതും സൂക്ഷിക്കുന്നതും നേരിട്ട് പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും പ്രവേശനത്തിലെ ക്രമക്കേട് കണ്ടെത്തിയാല്‍ വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്ത് മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കാന്‍ പറ്റും.

മാത്രമല്ല അങ്ങനെ വന്നാല്‍ ക്രമക്കേട് കണ്ടെത്തുന്ന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശന കാര്യത്തിലും പ്രതിസന്ധി രൂപപ്പെടും. മെറിറ്റ് അടിസ്ഥാനത്തില്‍ തന്നെ ഇവിടങ്ങളില്‍ പ്രവേശനം നടത്താന്‍ സ്വാശ്രയമാനേജ്‌മെന്റുകള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് അത്തരം സാഹചര്യത്തില്‍ രൂപപ്പെടുക.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ മറ്റ് സ്വാശ്രയ സ്ഥാപനങ്ങളിലെയും തലവരിപ്പണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഇതിനകം ഉയര്‍ന്ന് വന്നിട്ടുണ്ട്.

തലവരിപ്പണം ചോദിക്കുന്നതായി കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്ത് വിട്ട ശബ്ദരേഖയുടെ ഉറവിടത്തെ കുറിച്ചും വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

ജേക്കബ് തോമസാണ് വിജിലന്‍സ് ഡയറക്ടര്‍ എന്നതിനാല്‍ യാതൊരുവിധ സമ്മര്‍ദ്ദവും സ്വാധീനവും വിലപ്പോവില്ലെന്നത് പരാതിക്കാരെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

Top