മുൻ മന്ത്രിമാരെല്ലാം അറസ്റ്റ് പേടിയിൽ . . . ഒത്തുതീർപ്പിനില്ലാതെ പിണറായി സർക്കാർ

രാഷ്ട്രീയ കുടിപ്പകയില്‍ കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനമാണ് കേരളം. ഇത് അണികള്‍ മുതല്‍ നേതാക്കള്‍ വരെ നീണ്ടു നില്‍ക്കുന്നതുമാണ്. എന്നാല്‍ സാധാരണ മറ്റു സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന പകപോക്കല്‍ രാഷ്ട്രീയം, കേരളത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാറുകള്‍ പിന്തുടരാറില്ല. പ്രത്യേകിച്ച് ഉന്നത നേതാക്കള്‍ക്കെതിരെ. . ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത് പിണറായി സര്‍ക്കാറാണ്.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കാല്‍ഡസന്‍ നേതാക്കളെയാണ് ബലാത്സംഗ കേസില്‍ കുരുക്കിയത്. ഇതില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഉള്‍പ്പെട്ടിട്ടുണ്ട്. സരിതാ നായര്‍ നല്‍കിയ പരാതിയില്‍ എപ്പോള്‍ വേണമെങ്കിലും ഇവരെയെല്ലാം അറസ്റ്റ് ചെയ്യാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ടി.പി ചന്ദ്രശേഖരന്‍ കേസിലും കണ്ണൂരിലെ കൊലപാതക കേസുകളിലും പൊലീസ് വേട്ടയാടിയതിലുള്ള പ്രതികാരമാണ് പിണറായി സര്‍ക്കാര്‍ തീര്‍ക്കുന്നതെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നത്.

സോളാര്‍ നായിക സരിത നല്‍കിയ കേസിന് അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും ജീവന്‍ വയ്ക്കുമെന്നും നേതാക്കള്‍ അറസ്റ്റിലാകുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം കണക്ക് കൂട്ടുന്നുമുണ്ട്. ഈ ആശങ്കക്കിടെയാണിപ്പോള്‍ പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ഒരു മുന്‍ മന്ത്രി തന്നെ അകത്താകുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്.ഗുരുതരമായ ആരോപണമാണ് മുന്‍ പൊതുമരാമത്ത് മന്ത്രി കൂടിയായ ഇബ്രാഹിം കുഞ്ഞിപ്പോള്‍ നേരിടുന്നത്.

വിജിലന്‍സിന് ലഭിച്ച തെളിവുകളും അറസ്റ്റിലായ ഐ.എ.എസ് ഓഫീസര്‍ ടി.ഒ സൂരജ് നല്‍കിയ മൊഴിയും മുന്‍ മന്ത്രിയുടെ വാദങ്ങളെ പൊളിച്ചടുക്കുന്നതാണ്. ഇതോടെ പുതിയ വാദവുമായി ഇബ്രാഹിം കുഞ്ഞ് തന്നെ നേരിട്ട് രംഗത്ത് വന്നിട്ടുണ്ട്.കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ലന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. സൂരജ് കൈവിട്ടതോടെയാണ് ഈ മലക്കം മറിച്ചില്‍. എന്നാല്‍ ആരെയും സംരക്ഷിക്കുന്ന പ്രശ്നമില്ലന്നും ഉപ്പ് തിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. ഇക്കാര്യം മുഖ്യമന്ത്രി തന്നെ പരസ്യമായി വ്യക്തമാക്കിയും കഴിഞ്ഞു.

ദേശീയപാതയിലെ പാലാരിവട്ടം ജങ്ഷനില്‍ ഗതാഗതതടസ്സം ഒഴിവാക്കുന്നതിനായി കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്‍എച്ച് അതോറിറ്റിയാണ് ദേശീയപാതയിലെ നിര്‍മാണം സാധാരണ നടത്താറുള്ളത്. എന്നാല്‍, പതിവില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിര്‍മാണച്ചുമതല ഏറ്റെടുക്കുകയായിരുന്നു.

കൊച്ചി കോര്‍പറേഷന്‍ ‘ജനറം’ പദ്ധതിയില്‍ പാലംപണി ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇടപെട്ട് ഒഴിവാക്കിയതായാണ് ആരോപണം. 2013ലെ ടെന്‍ഡര്‍ നടപടികളിലും വ്യാപകമായ കള്ളക്കളികളാണ് ഉണ്ടായത്. പദ്ധതിക്ക് ഒറ്റപ്പൈസ മുന്‍കൂര്‍ നല്‍കില്ലെന്ന് ധരിപ്പിച്ചാണ് പ്രധാന കരാറുകാരെ പിന്‍മാറ്റിയതെന്നും ആക്ഷേപമുണ്ട്. കരാര്‍ ഉറപ്പിച്ച ആര്‍ഡിഎസ് കമ്പനിക്കാവട്ടെ 8.25 കോടിരൂപ വൈകാതെ തന്നെ അഡ്വാന്‍സായും നല്‍കുകയുണ്ടായി. സ്ഥലമെടുപ്പ് അടക്കം പാലത്തിന്റെ മൊത്തം അടങ്കല്‍ 72 കോടിയായിരുന്നു. ഇതില്‍ കരാറുകാരന്‍ കൈപ്പറ്റിയത് 35 കോടിരൂപയാണ്.

ഈ പാലത്തിന്റെ ഡിസൈനിങ് മുതല്‍ എല്ലാ ഘട്ടത്തിലും ക്രമക്കേട് പ്രത്യക്ഷമാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു നിര്‍മാണ പ്രവൃത്തിയുടെ ഗുണനിലവാരം അവലോകനം ചെയ്യാനോ വീഴ്ചകള്‍ തിരുത്താനോ ഒരുഘട്ടത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായിരുന്നില്ല. ചുമതലപ്പെട്ട റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും കണ്‍സള്‍ട്ടന്റായ കിറ്റ്‌കോയും കുറ്റകരമായാണ് പ്രവര്‍ത്തിച്ചത്. ഭാരം കയറ്റിയ വാഹനങ്ങള്‍ സഞ്ചരിക്കേണ്ട 620 മീറ്റര്‍ പാലത്തിന് ആവശ്യമായ സിമന്റും കമ്പിയുംപോലും ഉപയോഗിച്ചിരുന്നില്ലെന്നതും ഗൗരവകരമാണ്. ചെന്നൈ ഐഐടിയും മെട്രോമാന്‍ ഇ ശ്രീധരനും നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയിരുന്നത്. 102 ഗിര്‍ഡറില്‍ 97 വിള്ളലുകളാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

റോഡ്‌സ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ബ്രിഡ്ജസ് കോര്‍പറേഷനും സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി വിജിലന്‍സും കണ്ടെത്തിയിട്ടുണ്ട്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായതിന് ശേഷം സ്വീകരിച്ചതിനെക്കാള്‍ ശക്തമായ നടപടികളാണ് നിലവിലിപ്പോള്‍ വിജിലന്‍സ് സ്വീകരിച്ച് വരുന്നത്.മറ്റു ചില വകുപ്പുകള്‍ക്ക് മേലും വിജിലന്‍സ് നിലവില്‍ പിടിമുറുക്കിയിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ പിന്‍ഗാമികളായി ഇനിയും മുന്‍ മന്ത്രിമാര്‍ കുടുങ്ങുമോയെന്നത് കണ്ടുതന്നെ അറിയേണ്ട സാഹചര്യമാണുള്ളത്.

ടൈറ്റാനിയം കേസിലും ഇബ്രാഹിം കുഞ്ഞ് ആരോപണ വിധേയനാണ്. ഈ കേസില്‍ അദ്ദേഹത്തിന് കൂട്ടിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ടൈറ്റാനിയം കേസ് സംസ്ഥാന സര്‍ക്കാറിപ്പോള്‍ സി.ബി.ഐക്ക് കൈമാറിയിരിക്കുകയാണ്. ഒന്നര വര്‍ഷത്തിനു ശേഷം സംസ്ഥാന ഭരണം മാറിയാലും ഇവരെ വെറുതെ വിടരുതെന്ന് ആഗ്രഹിച്ചാണ് ഈ കുരുക്ക്.

സംസ്ഥാനത്ത് ഒരു ഭരണമാറ്റം ഉണ്ടായാല്‍ പോലും ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകരുതെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. പക വീട്ടാന്‍ ഉമ്മന്‍ ചാണ്ടി അത്തരമൊരു അവസരം ഉപയോഗപ്പെടുത്തുമെന്ന് കണ്ടാണ് തന്ത്രപരമായ ഈ നീക്കം.

പാലാരിവട്ടം പാലം അഴിമതി പോലെ സംസ്ഥാനത്തെ പിടിച്ചുലച്ച അഴിമതിയായിരുന്നു ടൈറ്റാനിയം കേസും. തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ചതില്‍ അഴിമതി നടന്നെന്നതാണ് ഈ കേസ്. 2004-05 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേയായിരുന്നു ഇടപാടുകള്‍.

ആരോപണത്തില്‍ വിദേശകമ്പനിയും ഉള്‍പ്പെട്ടതിനാലാണ് അന്വേഷണം സി.ബി.ഐ.യ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തേ കേസന്വേഷിച്ച വിജിലന്‍സ്, ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. എന്നാല്‍, അന്വേഷണത്തിനായി നയതന്ത്രമാര്‍ഗങ്ങള്‍ തേടാനായിരുന്നു അവര്‍ നല്‍കിയിരുന്ന മറുപടി. കേസ് സി.ബി.ഐ.യ്ക്കുവിടാന്‍ ഇതും കാരണമായാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ടൈറ്റാനിയം കേസില്‍ 86 കോടിയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്.

ഇതിനിടെ, പ്രതിപക്ഷ രാഷ്ട്രിയ നേതാക്കള്‍ക്ക് പുറമെ നടന്‍ മോഹന്‍ലാലും ഇപ്പോള്‍ കുരുക്കിലായിട്ടുണ്ട്. സംഘപരിവാറുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന താരത്തിനെ ആനക്കൊമ്പ് കേസിലാണ് സര്‍ക്കാര്‍ പൂട്ടിയിരിക്കുന്നത്.

ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനംവകുപ്പാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് 7 വര്‍ഷത്തിനു ശേഷം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top