Vigilance inquiry against tomin thachankary

തിരുവനന്തപുരം: ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഗതാഗത വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആറുമാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് പരിശോധനയക്ക് വിധേയമാക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് തന്നെ അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും.

മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്റ്റേജ് നിയന്ത്രണങ്ങള്‍ മറികടന്ന് രണ്ട് സ്വകാര്യ വാഹന നിര്‍മാതാക്കള്‍ക്കായി ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു. എല്ലാ വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫറ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന നിബന്ധനയും വിമര്‍ശന വിധേയമായിരുന്നു. ചില വാഹന ഡീലര്‍മാര്‍ക്ക് വകുപ്പ് നല്‍കിയ പിഴ ഇളവ് ഉള്‍പ്പെടെയുള്ള ഉത്തരവുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആവശ്യപ്പെട്ട രേഖകഖള്‍ ഗതാഗത വകുപ്പ് നല്‍കിയില്ല. രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡിവൈഎസ്പി കൃഷ്ണകുമാര്‍ മോട്ടോര്‍ വാഹനവകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും മോട്ടോര്‍വാഹന വകുപ്പ് ഇവ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സിഐ യുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നേരിട്ടെത്തി. എന്നിട്ടും ഫയലുകള്‍ നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറായില്ല.

Top