Vigilance huge flood of complaints ; proud to pinarayi government

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നിയമോപദേശകനെ നിയമിച്ചതുമായി ബന്ധപ്പെട്ടും കളങ്കിതരായ ഐപിഎസുകാരെ നിയമിച്ച നടപടിയുമെല്ലാം തിരിച്ചടിയായ സര്‍ക്കാരിന് തിളക്കമേകുന്നത് വിജിലന്‍സ് വിഭാഗം.
പിണറായി സര്‍ക്കാര്‍ അധികാരമെറ്റെടുത്ത് 55 ദിവസത്തിനുള്ളില്‍ കഴിഞ്ഞ ഒരു സര്‍ക്കാരുകളും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചെയ്തത്.

താനിരിക്കുന്ന വിജിലന്‍സ് ആസ്ഥാനത്ത് രഹസ്യ സ്വഭാവമുള്ള വിഭാഗം തന്നെ ഇല്ലാതാക്കി എല്ലാ വിവരങ്ങളും പൊതു ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിവരാവകാശം വഴി ലഭ്യമാക്കാനുള്ള അവസരമാണ് ആദ്യം തന്നെ അദ്ദേഹം തുറന്ന് വിട്ടത്.

ഇത്തരം രഹസ്യ വിഭാഗങ്ങളാണ് വിജിലന്‍സ് അന്വേഷണം നേരിടുന്ന പല ഉന്നതര്‍ക്കും മുന്‍ കാലങ്ങളില്‍ പിടിവള്ളിയായിരുന്നത്.

വിജിലന്‍സ് അന്വേഷണത്തിന്റെ നിലവിലെ രീതികളും അദ്ദേഹം സമ്പൂര്‍ണ്ണമായി ഉടച്ച് വാര്‍ത്തു.ഇത് മൂലം പരാതികളുടെ വന്‍ പ്രവാഹമാണ് ഇപ്പോള്‍ വിജിലന്‍സ് ആസ്ഥാനത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.വിജിലന്‍സ് ഡയറക്ടറില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഈ തള്ളി കയറ്റത്തിന് കാരണം .

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറ്റ് ഭാരവാഹികള്‍ക്കുമെതിരെ മൈക്രോഫിനാന്‍സ് സംഭവത്തില്‍ കേസെടുക്കാന്‍ കാണിച്ച ജേക്കബ് തോമസിന്റെ ആര്‍ജ്ജവം രാഷ്ട്രീയ നേതൃത്വങ്ങളെ അമ്മാനമാടിയ സാമുദായിക നേതാക്കളെയാകെ ഞെട്ടിച്ചിരുന്നു.

അറസ്റ്റ് ഭയന്ന് വെള്ളാപ്പള്ളി നാടുവിടുമെന്ന പ്രചരണം വരെ ഉയര്‍ന്നത് നിയമ കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

വെള്ളാപ്പള്ളിയുടെ ഭാവി തന്നെ ഇപ്പോള്‍ ഈ വിജിലന്‍സ് കേസിനെ ആശ്രയിച്ചാണ്.സാധാരണ വിജിലന്‍സ് കേസില്‍ പ്രമുഖരെ അറസ്റ്റ് ചെയ്ത ചരിത്രം കേരളത്തിനില്ലെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരുമെന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥയാണുള്ളത്.

ഇത് വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ മാത്രമല്ല വിജിലന്‍സ് അന്വേഷണം നേരിടുന്ന മറ്റ് പ്രമുഖരുടെ കാര്യത്തിലും ആശങ്കയ്ക്ക് വക നല്‍കുന്നതാണ്.

സാക്ഷികളെ സ്വാധീനിക്കാന്‍ വെള്ളാപ്പള്ളി വിഭാഗം ശ്രമം നടത്തുന്നു എന്ന വിവരം ഗൗരവമായാണ് വിജിലന്‍സ് അധികൃതര്‍ കാണുന്നത്.

നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി,അടൂര്‍ പ്രകാശ്,വിഎസ് ശിവകുമാര്‍, കെ ബാബു തുടങ്ങിയവരും കൂടുതല്‍ തെളിവ് ലഭിച്ചാല്‍ കുടുങ്ങുമെന്ന ആശങ്കയില്‍ കഴിയുന്ന കെഎം മാണിയുമെല്ലാം ഇപ്പോള്‍ പരിഭ്രാന്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനു പുറമെ മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പിഎ ലിജോ ജോസഫിന്റെ എറണാകുളത്തെ വസതിയില്‍ നടത്തിയ റെയ്ഡില്‍ അവിഹിത സമ്പാദ്യം വിജിലന്‍സ് കണ്ടെത്തിയതിനാല്‍ ഈ കുരുക്ക് സിഎന്‍ ബാലകൃഷ്ണനിലേക്ക് നീളുമോ എന്ന കാര്യവും നിലനില്‍ക്കുന്നുണ്ട്.

വിഎസ് ശിവകുമാറിന്റെ ഇടപാടുകള്‍ അന്വേഷിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ സഹോദരനും തിരുവതാംകൂര്‍ ദേവസ്വം സെക്രട്ടറിയുമായ വിഎസ് ജയകുമാറിന് നേരെയും കുരുക്ക് വീണതും വിജിലന്‍സിന്റെ തന്ത്രപരമായ നീക്കത്തെ തുടര്‍ന്നാണ്.

സോളാര്‍ കേസില്‍ സരിതയെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും കാണാതായതിന് പിന്നില്‍ ആരോപണ വിധേയനായ മുന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡും യുഡിഎഫ് ‘ പ്രമുഖരെ ‘ സംബന്ധിച്ച് ആശ്വാസകരമല്ല.

സരിതയില്‍നിന്ന് പിടിച്ചെടുക്കുകയും കോടതിയില്‍ നല്‍കാത്തതുമായ ‘കാണാതായ ‘ ഈ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണുകളിലും ഉന്നതരുമായുള്ള വിവാദ ദൃശ്യമുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇതിനെല്ലാം പുറമെ ഇടുക്കിയില്‍ കഴിഞ്ഞ കളക്ടര്‍മാരുടെ കാലയളവില്‍ നടന്ന ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ഉത്തരവും കഴിഞ്ഞ കാലങ്ങളില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണങ്ങള്‍ അട്ടിമറിച്ചത് പരിശോധിക്കാനുള്ള തീരുമാനവും ഇതിനോടകം തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ തോതില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്.

ഇവര്‍ക്കെതിരെയെല്ലാം മുഖം നോക്കാതെ നടപടി സ്വീകരിക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം.

അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നിയമോപദേശകരെ കൂട്ട് പിടിക്കുന്ന പഴയ ചരിത്രവും ഇനി വിലപ്പോവില്ല.

കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച വി ശശീന്ദ്രനെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ സ്ഥാനത്ത് നിന്ന് തെറിപ്പിച്ച ജേക്കബ് തോമസിന്റെ നടപടി വിജിലന്‍സ് നിയമോപദേശകര്‍ക്കും വിജിലന്‍സിന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന പ്രോസിക്യൂട്ടര്‍മാര്‍ക്കുമുള്ള വ്യക്തമായ സന്ദേശം കൂടിയാണ്.

Top