vigilance enqury countinou in adoor prakash -high court

കൊച്ചി: സന്തോഷ് മാധവന് ഭൂമിദാനം ചെയ്ത കേസില്‍ മന്ത്രി അടൂര്‍ പ്രകാശിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഭൂമിദാനത്തെക്കുറിച്ച് ത്വരിതപരിശോധന നടത്താനുള്ള മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അടൂര്‍ പ്രകാശിന്റെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി അന്വേഷണം തുടരാമെന്നു നിര്‍ദേശിച്ചു. അടൂര്‍ പ്രകാശിന് അനൂകൂലമായി അഡ്വക്കേറ്റ് ജനറല്‍ നിലപാടെടുത്തിട്ടും സ്റ്റേ നല്‍കാന്‍ സിംഗിള്‍ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.

മന്ത്രിസഭയുടെ ഉത്തരവായിരുന്നെന്നും പിഴവ് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു പിന്‍വലിച്ചതായും മന്ത്രി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പിന്‍വലിച്ച ശേഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയടക്കം അഞ്ചു പേര്‍ക്കെതിരെയും ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. സന്തോഷ് മാധവനെതിരേയും ഇയാളുടെ ബിനാമി കമ്പനികള്‍ക്കെതിരെയും അന്വേഷണം നടത്താനും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനുമായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, തൃശൂര്‍ ജില്ലയിലെ മാള, പുത്തന്‍വേലിക്കര എന്നിവിടങ്ങളിലായി 128 ഏക്കര്‍ മിച്ചഭൂമി ഐടി കമ്പനി തുടങ്ങാനെന്ന പേരില്‍ സന്തോഷ് മാധവനു തിരിച്ചു നല്‍കാന്‍ കടുംവെട്ട് മന്ത്രിസഭായ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പാണ് റവന്യൂവകുപ്പിന്റെ ഇളവ് നല്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഐടി വ്യവസായത്തിനെന്ന വ്യാജേനെയാണ് 90 ശതമാനം നെല്‍പാടങ്ങളുള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ വിട്ടുനല്‍കിയത്.

സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആഎംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലം 2009 ജനുവരിയിലാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് കമ്പനിയുടെ പേര് ആദര്‍ശ് പ്രൈം പ്രൊജക്ട് ലിമിറ്റഡ് എന്നായിരുന്നു. ഇതേ തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങുന്നതിനായി ഭൂപരിഷ്‌കരണനിയമം 81(3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ സമീപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള ജില്ലാസമിതികളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

Top