Vigilance enquiry against Tom Jose IAS

തിരുവനന്തപുരം :ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോം ജോസിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.

ചവറയിലെ കെഎംഎംഎല്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവിടെയ്ക്ക് മഗ്നീഷ്യം വാങ്ങിയ വകയില്‍ വന്‍തിരിമറി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.

ടണ്ണിന് 1,83,000 രൂപയ്ക്ക് വാങ്ങേണ്ടിടത്ത് 3,42,000 രൂപ നല്‍കിയാണ് മഗ്നീഷ്യം വാങ്ങിയതെന്നാണ് കണ്ടെത്തല്‍.

അഞ്ചുലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ-ടെന്‍ഡര്‍ വേണമെന്ന നിയമവും ടോം ജോസ് എം.ഡിയായിരിക്കെ കെഎംഎംഎല്‍ ലംഘിച്ചുവെന്നും പരാതിക്കാരനായ ജോയി കൈതാരം ചൂണ്ടിക്കാട്ടിയിരുന്നു.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളും മറ്റും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു അന്വേഷണവും ടോം ജോസിനെതിരെ നടക്കുന്നുണ്ട്.

വിശദമായ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം സ്‌പെഷല്‍ സെല്‍ എസ്പിയോട് നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഐഎഎസുകാരെ കേസില്‍ കുരുക്കാനുള്ള നീക്കത്തിനെതിരെ ജേക്കബ് തോമസിനെതിരെ ടോം ജോസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഐഎഎസുകാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റിനെ പ്രതിയാക്കി ജേക്കബ് തോമസ് തിരിച്ചടിച്ചിരിക്കുന്നത്.

ഐഎഎസുകാര്‍ക്കെതിരെ അന്വേഷണം വേണ്ടെങ്കില്‍ ഐപിഎസുകാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. നിയമത്തിന്റെ മുന്‍പില്‍ ഐഎഎസ് എന്നോ ഐപിഎസ് എന്നോ വേര്‍തിരിവില്ലെന്ന നിലപാടിലാണ് വിജിലന്‍സ് ഡയറക്ടര്‍.

ഭൂമിയിടുപാടുകള്‍ സംബന്ധിച്ച് നേരത്തെ ആക്ഷേപമുണ്ടായപ്പോള്‍ ചീഫ് സെക്രട്ടറിക്കു വിശദമായ വിശദീകരണം നല്‍കി ആക്ഷേപത്തില്‍ നിന്നു ടോം ജോസ് തലയൂരിയിരുന്നു.

വിജിലന്‍സിന്റെ പുതിയ നീക്കത്തോടെ ഈ ‘കള്ളക്കള്ളി’യും പൊളിഞ്ഞിരിക്കുകയാണ്.

Top