vigilance enquiry against thiruvanjoor radhakrishnan

തിരുവനന്തപുരം: ബീറ്റ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് വണ്ണിനാണ് അന്വേഷണ ചുമതല.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുന്‍ ഡിജിപി ബാലസുബ്രഹമണ്യം. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം എന്നിവരുടെ പങ്കും അന്വേഷിക്കും.

വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസ് ആണ് പരാതി നല്‍കിയത്.

2012-13 സാമ്പത്തിക വര്‍ഷത്തിലാണ് ആഭ്യന്തര വകുപ്പ് ഇ ബീറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. അന്ന് നടത്തിയ രണ്ട് കോടി രൂപയുടെ ഇടപാടില്‍ അഴിമതി നടന്നുവെന്ന പരാതി അന്വേഷിക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്.

ബാഗ്‌ളൂര്‍ ആസ്ഥാനമായുള്ള വൈഫിനിറ്റി എന്ന കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതിന് പിന്നില്‍ തിരിമറികളും നിയമലംഘനങ്ങളും നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.

കേരളത്തിലെ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കാതെ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിയെ സഹായിച്ചതിന് 75 ലക്ഷത്തോളം രൂപ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബാലസുബ്രഹമണ്യം, മനോജ് എബ്രഹാം എന്നിവര്‍ കൈപ്പറ്റിയെന്ന പരാതിയാണ് വിജിലന്‍സ് പ്രാഥമികമായി പരിശോധിക്കുക.

പണം നല്‍കിയിട്ടും പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലന്ന കാര്യവും പരാതിക്കാരനായ പായിച്ചറ നവാസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ ബീറ്റ് സംവിധാനങ്ങള്‍ വാങ്ങിയതില്‍ സര്‍ക്കാരിന് നഷ്ടം സംഭവിച്ചിട്ടുണ്ടന്ന് സി.എ.ജി കണ്ടെത്തിയിരുന്നു.

Top