സര്‍ക്കാര്‍ ‘യെസ്’ പറഞ്ഞാല്‍ സുധാകരനെതിരെ വിജിലന്‍സ് വിശദാന്വേഷണം !

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിശദാന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്. കെ.സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് വിശദാന്വേഷണത്തിനു അനുമതി തേടിയത്.

പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരേ നിര്‍ണായകമായ ചില തെളിവുകള്‍ വിജിലന്‍സിന്‌ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്. സുധാകരനെതിരേ കേസെടുത്ത് അന്വേഷണം നടത്താനായി വിജിലന്‍സ് നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം.

കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, ഡി.സി.സി ഓഫിസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തിയതിലൂടെ സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പ്രാഥമികാന്വേഷണം നടത്തിയത്. കൂടുതല്‍ തെളിവുശേഖരണം നടത്തണമെന്നാണ് വിജിലന്‍സ് ആവശ്യം.

അതേസമയം, സുധാകരനെതിരായ വിജിലന്‍സ് അന്വേഷണ ശുപാര്‍ശ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അറിയിച്ചു. അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടും. ചെന്നിത്തലയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കണം. അടിസ്ഥാനമില്ലാത്ത ആരോപണം രാഷ്ട്രീയത്തെ മലീമസമാക്കുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.

മാത്രമല്ല, പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് വി എം സുധീരന്‍ അറിയിച്ചു. ആരുടെയെങ്കിലും ചിത്രം വന്നെന്ന് പറഞ്ഞ് അവര്‍ കുറ്റക്കാരാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും, ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

Top