Vigilance director’s-wife to vacate forest land-congress play

ബംഗളുരു: കേരള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ലക്ഷ്യമിട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ പിടിമുറുക്കുന്നു.

ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി ജേക്കബ് തോമസ് ഗുരുതരമായ വനം കൈയ്യേറ്റം നടത്തിയെന്ന് ആരോപിച്ചാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നിയമ നടപടി ശക്തമാക്കുന്നത്.

കൂര്‍ഗ് ജില്ലയിലെ അതീവ പരിസ്ഥിതി ലോല പ്രദേശമാണെന്ന് അറിഞ്ഞ് കൊണ്ട് വനഭൂമി കൈവശപ്പെടുത്തുക മാത്രമല്ല 2600 ക്യൂബിക് മീറ്റര്‍ തടി ഒറ്റയടിക്ക് വെട്ടി കടത്തുകയും ചെയ്തുവെന്നാണ് വനം വകുപ്പിന്റെ ആക്ഷേപം.

1990 ല്‍ 15 ലക്ഷം രൂപക്ക് മംഗലാപുരം ഹനുമാന്‍ ടുബാക്കോ കമ്പനി ഉടമ യുഎസ് നായിക്കില്‍ നിന്ന് കൈവശമാക്കിയ 151.03 ഏക്കര്‍ സ്ഥലത്ത് നിന്ന് 1993-94 ലാണ് തടി വെട്ടിയതെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. അന്ന് രണ്ട് കോടി രൂപയാണ് വനം വകുപ്പ് മതിപ്പുവില കണക്കാക്കിയിരുന്നത്.

ഇതേതുടര്‍ന്ന് കുടക് ഭഗമണ്ഡല പൊലീസ് എടുത്ത കേസില്‍ (ക്രൈം നമ്പര്‍ 34യ98) ഒന്നാം പ്രതിയാണ് ഡെയ്‌സി ജേക്കബ് തോമസ്.

ഇവരും തടി വാങ്ങിയ പിസി അസൈനാരും നിലവില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തിലാണ്.ഈ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ചില ഇടപെടലുകള്‍ നടക്കുന്നതായാണ് സൂചന.

കേരളത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് കെ ബാബുവടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് നടപടി ശക്തമാക്കിയ സാഹചര്യത്തില്‍ യുഡിഎഫിന്റെ കണ്ണിലെ കരടായ ജേക്കബ് തോമസിനെ പ്രതിരോധത്തിലാക്കുകയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നീക്കമെന്നാണ് പറയപ്പെടുന്നത്.

കേരളത്തിലെ മിക്ക കോണ്‍ഗ്രസ്സ് നേതാക്കളുമായി വ്യക്തിപരമായി പോലും വളരെ അടുത്ത സൗഹൃദമാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്ളത്.

മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ ബംഗളുരു നഗരവികസന വകുപ്പ് മന്ത്രിയുമായ കെ ജെ ജോര്‍ജ് മലയാളിയാണ്. ഡിവൈഎസ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ജോര്‍ജിന് അനുകൂല റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഹൈക്കമാന്റ് ഇടപെട്ട് മന്ത്രിസ്ഥാനം തിരികെ നല്‍കുകയായിരുന്നു.

ഡെയ്‌സി ജേക്കബ് തോമസ് പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയാണ് കൈവശം വച്ചിരിക്കുന്നതെന്നും അത് തിരിച്ച് നല്‍കണമെന്നും ഒക്ടോബര്‍ 27ന് മടിക്കേരി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.

കര്‍ണ്ണാടകയിലെ മുതിര്‍ന്ന ചില ഐഎഎസ്-ഐഎഫ്എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ്) ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ടത്രെ.

കേരളത്തില്‍ മുതിര്‍ന്ന ഐഎഎസുകാരില്‍ ഒരുവിഭാഗം ജേക്കബ് തോമസിന്റെ കോപത്തിന് ‘ഇര’യായ പശ്ചാത്തലത്തില്‍ ഇവരുടെ ബാച്ച്‌മേറ്റ്‌സിനെ ഉപയോഗപ്പെടുത്തി ചില ഇടപെടലുകള്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പുറമെ നടക്കുന്നുണ്ടെന്ന സംശയവും ഇതിനകം ബലപ്പെട്ടിട്ടുണ്ട്.

സ്വന്തം തട്ടകത്തില്‍ സഹപ്രവര്‍ത്തകരായ ഐപിഎസുകാര്‍ക്കിടയില്‍ പോലും ഒറ്റയാനായ ജേക്കബ് തോമസിന് കര്‍ണ്ണാടകയില്‍ ബാച്ച്‌മേറ്റ്‌സായ ഐപിഎസുകാരുമായി പോലും കാര്യമായ അടുപ്പമൊന്നുമില്ലാത്തതും ‘ശത്രു’ക്കള്‍ക്ക് സഹായകരമായി മാറിയിട്ടുണ്ട്.

കൂര്‍ഗ് ജില്ല ഗസ്റ്റ് 20-ാം വോളിയം 43 വരെ പേജുകളില്‍ കൈവശ ഭൂമി നിബിഡവനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം 447,468 വകുപ്പുകളും വനനിയമം 24-ാം വകുപ്പ് പ്രകാരവുമാണ് ഡെയ്‌സി ജേക്കബ് തോമസിനെതിരെ നിലവില്‍ കേസെടുത്തിട്ടുള്ളത്.

പ്രതി വനിത ആയതിനാലും ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ട കുറ്റം ചെയ്തിട്ടില്ലാത്തതിനാലുമാണ് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ടുകളും കണ്ടെത്തലുകളുമെല്ലാം ഡെയ്‌സിക്ക് എതിരായതിനാല്‍ ഇക്കാര്യം ഹൈക്കോടതിയെ ‘ബോധ്യപ്പെടുത്തി’ ജാമ്യം റദ്ദാക്കാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്.

Top