Vigilance directorate under control of CCTV

തിരുവനന്തപുരം: വിജിലന്‍സ് കേസുകളിലെ അന്വേഷണം അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ കര്‍മ്മപദ്ധതി.

വിജിലന്‍സ് ഡയറക്‌ട്രേറ്റിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കിയും വിവിധ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയും ശക്തമായ നടപടിക്കൊരുങ്ങുകയാണ് ജേക്കബ് തോമസ്.

വിജിലന്‍സ് ഡയറക്‌ട്രേറ്റ്‌ പൂര്‍ണ്ണമായും സിസിടിവി നിയന്ത്രണത്തിലാക്കാനും പദ്ധതിയുണ്ട്. മുങ്ങല്‍ വിദ്ഗ്ധരായ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇരുട്ടടിയാണ് ഈ നീക്കം.

വിജിലന്‍സില്‍ ഒരു പരാതി ലഭിച്ചാല്‍ നീതിയുക്തമായ അന്വേഷണവും അടിയന്തിരമായ നടപടിയുമാണ് ഉണ്ടാകേണ്ടതെന്ന നിലപാടിലാണ് വിജിലന്‍സ് ഡയറക്ടര്‍.

കെട്ടിക്കിടക്കുന്ന കേസ് ഫയലുകള്‍ക്ക് മേല്‍ വിജിലന്‍സ് ഡയറക്ടര്‍ പിടിമുറുക്കുമെന്ന് കണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഇപ്പോള്‍ നെട്ടോട്ടത്തിലാണ്.

നിരവധി വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകള്‍ വരെ വിവിധ യൂണിറ്റുകളില്‍ പൊടിപിടിച്ച് കിടക്കുന്നുണ്ട്.

പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ മുന്‍മന്ത്രിമാര്‍ വരെയുള്ളവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സില്‍ കേസുണ്ട്.

എന്ത്‌കൊണ്ട് കേസന്വേഷണം പൂര്‍ത്തീകരിച്ച് ചാര്‍ജ് കൊടുക്കുന്നില്ല എന്ന വിജിലന്‍സ് ഡയറക്ടറുടെ ചോദ്യത്തിന് എന്ത് മറുപടി നല്‍കുമെന്ന ആശങ്കയിലാണ് മിക്കവരും.

ഇപ്പോള്‍ നിലവിലുള്ള ഉദ്യോഗസ്ഥരെല്ലാം (വിജിലന്‍സ് ഡയറക്ടറൊഴികെ) കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചവരായതിനാല്‍ പുതിയ ടീം വന്നാലെ വിജിലന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുകയൊള്ളൂവെന്നാണ് ഡയറക്‌ട്രേറ്റിലെ ജീവനക്കാര്‍ തന്നെ പറയുന്നത്.

ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടത്തിയ ചില നിയമനങ്ങള്‍ തന്നെ ‘ അബദ്ധമായി പോയെന്ന’ ധാരണ സര്‍ക്കാര്‍ തലപ്പത്ത് തന്നെയുള്ളതിനാല്‍ ഇനി പൊലീസിലെ അഴിച്ചുപണി വ്യക്തമായ ധാരണക്ക് ശേഷം മാത്രമായിരിക്കുമെന്നാണ് അറിയുന്നത്.

വിജിലന്‍സ് കേസില്‍ പ്രതികളായവര്‍ക്ക് വേണ്ടി ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടന്നാല്‍ കര്‍ക്കശ നടപടിയുമായി മുന്നോട്ട് പോവാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നേരിട്ട് തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യേഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിയമിക്കുന്നത് ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തന്നെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ വിജിലന്‍സില്‍ നടത്തുന്ന അഴിച്ചുപണിയില്‍ ട്രാക്ക് റെക്കോഡ് നോക്കി മാത്രം നിയമനം നല്‍കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.

കേസന്വേഷണത്തില്‍ മികവ് കാണിക്കുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് വിജിലന്‍സിലും ക്രൈംബ്രാഞ്ചിലും നിയമിക്കാനാണ് നീക്കം. ഇതിനുള്ള പട്ടിക തയ്യാറാക്കല്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

Top