Vigilance Director post- government will consider fireforce chief Hemachandran

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഫയര്‍ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രന്റെ പേരും സജീവമാകുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന ഹേമചന്ദ്രനെ മുഖ്യമന്ത്രിക്ക് അത്ര താല്‍പര്യമില്ലങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ ഹേമചന്ദ്രന് ഒരു അവസരം നല്‍കണമെന്ന അഭിപ്രായക്കാരനാണ്.

ഒരു കാരണവശാലും അവധി കഴിഞ്ഞ് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തുന്ന സാഹചര്യമുണ്ടാകരുതെന്നാണ് സിപിഎം നേതൃത്വം ആഗ്രഹിക്കുന്നത്.

ജേക്കബ് തോമസ് തിരിച്ചു വന്നാല്‍ പദവി തിരിച്ചുനല്‍കുമെന്ന് ഇപ്പോള്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയത് സിപിഎം നേതൃത്വം തള്ളിക്കളയുകയാണ്.

പ്രത്യക്ഷമായി ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളില്‍ ഇടപെടില്ലങ്കിലും പാര്‍ട്ടിയുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും പ്രധാന തസ്തികകളിലെ നിയമനമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.

ജേക്കബ് തോമസിനെ മാറ്റാന്‍ പറഞ്ഞിട്ടില്ലന്ന് ഇപ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണെന്ന് കോടതി പറഞ്ഞ കാര്യം അദ്ദേഹത്തെ മാറ്റാന്‍ മതിയായ കാരണമാണെന്ന അഭിപ്രായമാണെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഹേമചന്ദ്രനെ കൂടാതെ രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവരാണ് പരിഗണനാ ലിസ്റ്റിലുള്ള മറ്റു രണ്ടുപേര്‍. ഇവരില്‍ സീനിയറാണ് ഹേമചന്ദ്രനെന്നത് അദ്ദേഹത്തിന് അനൂകൂലമായി മാറാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

Top