വിജിലൻസ് ഡയറക്ടർ; ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം

pinayrai

ന്യൂഡൽഹി: സംസ്ഥാനത്തെ സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥനെയാണ് വിജിലൻസ് ഡയറക്ടറാക്കേണ്ടത് എന്ന കാര്യത്തിൽ വിട്ടു വീഴ്ചയില്ലന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം.

വിജിലൻസ് ഡയറക്ടർ തസ്തിക പോലുള്ള സുപ്രധാനമായ തസ്തികയിൽ ജൂനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഒരു കാരണവശാലും പോത്സാഹിപ്പിക്കുന്ന പ്രശ്നമില്ലന്നും പേഴ്സണൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

രണ്ട് കേഡർ തസ്തികയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇത് വർദ്ധിപ്പിക്കാനും കേന്ദ്ര സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.

ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി, വിജിലൻസ് ഡയറക്ടർ എന്നിവയാണ് നിലവിലെ കേഡർ തസ്തികകൾ.

സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഓഫീസർ ജേക്കബ് തോമസിനെതിരെ സർക്കാർ നടപടിയുള്ളതിനാൽ സംസ്ഥാന പൊലീസ് ചീഫ് ബെഹ്റ കഴിഞ്ഞാൽ പിന്നെ സീനിയർ ഋഷിരാജ് സിംഗാണ്. എക്സ് കേഡർ തസ്തികയിലാണ് അദ്ദേഹമിപ്പോൾ.

ജേക്കബ് തോമസിനെ പോലെയുള്ള മറ്റൊരു ‘അവതാരമായതിനാൽ’ ഋഷിരാജിനെ വിജിലൻസ് ഡയറക്ടറാക്കാൻ സംസ്ഥാന സർക്കാറിന് താൽപ്പര്യവുമില്ല.

ഇതാണിപ്പോൾ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

വിജിലൻസ് ഡയറക്ടർ തസ്തിക ഡി.ജി.പി തസ്തികയിൽ നിന്നും എ.ഡി.ജി.പി തസ്തികയാക്കണമെന്ന കേരളത്തിന്റെ ആവശ്യം എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവും പേഴ്സണൽ മന്ത്രാലയത്തിനുണ്ട്.

സി.ബി.ഐ ജോ. ഡയറക്ടർ തസ്തികയിൽ അടക്കം പ്രവർത്തിച്ചു കഴിവ് തെളിയിച്ച ഋഷിരാജ് സിംഗ് സംസ്ഥാനത്തുണ്ടായിട്ടും വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

നിയമനങ്ങൾ സംസ്ഥാനത്തിന്റെ അധികാര പരിധിയിൽപ്പെട്ടതാണെങ്കിലും കേഡർ തസ്തികയുടെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാറിന്റേതാണ്. ഇതില്‍ പിടിച്ച് സംസ്ഥാന സർക്കാറിനെ ‘വെള്ളം’ കുടുപ്പിക്കാനാണ് നീക്കം.

കേഡർ റിവ്യൂ സമിതി ഇനി ചേരുന്നത് 2019-ൽ മാത്രമാണ്. അതിനാൽ സംസ്ഥാനത്തിന്റെ അപേക്ഷ തന്നെ പ്രഹസനമായി മാറാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.

ലോക് നാഥ് ബെഹ്റ പൊലീസ് മേധാവി സ്ഥാനവും വിജിലൻസ് മേധാവി സ്ഥാനവും ഒരേ സമയം വഹിക്കുന്നത് ചട്ടലംഘനമാണെന്ന് വിവാദമുയർന്നതിനാൽ പകരക്കാരനെ ഉടനെ തന്നെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാറിനെ സംബന്ധിച്ച് ഇപ്പോൾ അനിവാര്യമാണ്.

നിലവിൽ ഡി.ജി.പിമാരായി സംസ്ഥാന സർക്കാർ ഉദ്യോഗക്കയറ്റം നൽകിയ എ.ഹേമചന്ദ്രൻ, മുഹമ്മദ് യാസിൻ, എൻ.ശങ്കർ റെഡ്ഡി, ശ്രീലേഖ, ടോമിൻ തച്ചങ്കരി, രാജേഷ് ദിവാൻ തുടങ്ങിയവർക്കെല്ലാം കേന്ദ്രം അംഗീകരിക്കാത്തതിനാൽ എ.ഡി.ജി.പിമാരുടെ ശമ്പളമാണ് നൽകുന്നത്.

ഇവരിൽ ആരെയെങ്കിലും വിജിലൻസ് ഡയറക്ടറാക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

എന്നാൽ ചട്ടവും നിയമവും ലംഘിച്ച് എന്തു നിയമനം നടത്തിയാലും ‘പണി’ കൊടുക്കാൻ തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള പേഴ്സണൽ മന്ത്രാലയത്തിന്റെ തീരുമാനം.

ഇതിനിടെ കേന്ദ്രം ഉടക്കിയതോടെ വെട്ടിലായ കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഡല്‍ഹി കേരള ഹൗസില്‍ സേവനമനുഷ്ടിക്കുന്ന സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിര്‍മല്‍ ചന്ദ്ര അസ്താനയെ വിജിലൻസ് ഡയറക്ടറായി
നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരാന്‍ താല്‍പര്യമില്ലാതിരുന്ന അസ്താനയെ നിര്‍ബന്ധിച്ചാണ് തിരികെയെത്തിക്കുന്നതെന്നാണ് സൂചന.

റിപ്പോർട്ട് : ടി.അരുൺ കുമാർRelated posts

Back to top