Vigilance case against Ex minister P K Kunhalikkutty

കോഴിക്കോട്: ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീം കോടതി തളളിയ ആശ്വാസത്തിനിടെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ആഘാതമായി വിജിലന്‍സ് കേസ്.

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്ന് മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

യുഡിഎഫ് സര്‍ക്കാരില്‍ ക്ലീന്‍ ഇമേജ്കാരനും ബാറുടമകള്‍ പണം നല്‍കിയപ്പോള്‍ വേണ്ട എന്ന് പറയുകയും ചെയ്ത കുഞ്ഞാലിക്കുട്ടിയുടെ മുഖം മൂടി അന്വേഷണം പൂര്‍ത്തിയാകുന്നതോടെ അഴിഞ്ഞ് വീഴുമെന്നാണ് പരാതിക്കാരന്റെ വാദം.

2014മുതല്‍ 2016 വരെയുള്ള കാലയളവിലെ സമ്പാദ്യം വരവുമായി ഒത്തുപോകുന്നില്ലെന്നാണ് പരാതി. വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധ നടത്തി അടുത്തമാസം 18നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വിവാദസ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാന കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ വിജിലന്‍സിന്റെ പ്രത്യേക യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂരിലെയും, പുത്തന്‍വേലിക്കരയിലെയും മിച്ചഭൂമിയായി ഏറ്റെടുത്ത 127 ഏക്കര്‍ ഭൂമി നികത്താനുളള അനുമതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയത്.നെല്‍പ്പാടങ്ങളടങ്ങിയ സ്ഥലം നികത്താനുമുളള അനുമതിയും സര്‍ക്കാര്‍ നല്‍കിയിരുന്നു.എന്നാല്‍ ഭൂമിദാനം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയിരുന്നു.

സര്‍ക്കാരിന് നഷ്ടം സംഭവിക്കാത്തതിനാല്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കേസ് എടുക്കേണ്ട എന്ന നിലപാടായിരുന്നു വിജിലന്‍സ് ആദ്യം സ്വീകരിച്ചിരുന്നത്.വിവാദസ്വാമി സന്തോഷ് മാധവന്റെ ഭൂമിയില്‍ ഐടി കമ്പനിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ വ്യവസായ വകുപ്പാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 2016 ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ വ്യവസായ ഐടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ കുറിപ്പ് ഉള്‍പ്പെടെയുളള രേഖകളാണ് ഇത് സംബന്ധിച്ച് പുറത്തുവന്നിരുന്നത്.

ഐസ്‌ക്രീം കേസില്‍ സുപ്രീം കോടതിയില്‍ വി.എസിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂല നിലപാടെടുത്തെന്ന് വിവാദമുയര്‍ന്നിരുന്നു. ഇതിനെതിരെ വി.എസ് കടുത്ത എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് രണ്ടാമത്തെ കേസുമെടുത്ത് വിജിലന്‍സ് കുഞ്ഞാലിക്കുട്ടിയെ പിടിമുറുക്കുന്നത്.

Top