അഴിമതിക്കാരെ സൂക്ഷിച്ചോളൂ, വിജലന്‍സ് കണ്ണുകള്‍ പിന്നാലെയുണ്ട്….!

തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇനി ഒളികാമറയുമായി സര്‍ക്കാര്‍ ഓഫീസുകളിലേക്കെത്തും.

അഴിമതി കണ്ടെത്താന്‍ ന്യൂജനറേഷനാകുന്ന വിജിലന്‍സിന് അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പേനയിലും ഉടുപ്പിലെ ബട്ടണിലുമൊക്കെ ഘടിപ്പിക്കാവുന്ന കാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ 4.80ലക്ഷം രൂപ അനുവദിച്ച് ഉത്തരവുമിറക്കി.

അഴിമതിക്കേസുകളില്‍ ശാസ്ത്രീയമായ അന്വേഷണത്തിന് സൈബര്‍ ഫോറന്‍സിക് വിഭാഗം രൂപീകരിക്കാനുള്ള വിജിലന്‍സ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ 35ലക്ഷം രൂപയുടെ പദ്ധതിയുടെ ഭാഗമാണിത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സൈബര്‍ ലാബുകള്‍ സജ്ജമാക്കാനുള്ള പദ്ധതി ആസൂത്രണ ബോര്‍ഡിന്റെ പരിഗണനയിലാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടിയതോടെ അഴിമതിയും ഡിജിറ്റലായെന്നും അഴിമതിക്കാരെ കുടുക്കാന്‍ വിജിലന്‍സും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്.

ബാര്‍കോഴക്കേസിലടക്കം അഴിമതിയുടെ തെളിവായ രേഖകള്‍ അന്യസംസ്ഥാനങ്ങളിലെ കേന്ദ്ര ലാബുകളിലാണ് പരിശോധിച്ചത്. പരിശോധനാ ഫലം കിട്ടാന്‍ വൈകിയതിനാല്‍, അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് കോടതികള്‍ വിജിലന്‍സിനെ വിമര്‍ശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സൈബര്‍ ഫോറന്‍സിക് വിഭാഗം വേണമെന്ന് ബെഹ്‌റ ആവശ്യപ്പെട്ടത്. ഇതോടെ, എ.ടി.എം തട്ടിപ്പ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പണംതട്ടിപ്പ് എന്നിവയുടെ അന്വേഷണത്തില്‍ വിജിലന്‍സിന് നിര്‍ണായക പങ്കുണ്ടാവും.

ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ മാത്രമായി സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തുടങ്ങുമെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. സൈബര്‍ പൊലീസ് സ്റ്റേഷന്‍, ഐ.ടിവിദഗ്ദ്ധരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൈബര്‍ഡോം എന്നിവയുണ്ടെങ്കിലും സാമ്പത്തികതട്ടിപ്പുകള്‍ തടയാന്‍ പര്യാപ്തമല്ല. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 1273 സൈബര്‍ കുറ്റകൃത്യങ്ങളില്‍ 21ഉം എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്.

”സൈബര്‍ ഫോറന്‍സിക് വിഭാഗമുണ്ടെങ്കില്‍ അഴിമതി സ്വഭാവമുള്ള കേസുകള്‍ വിജിലന്‍സിന് അന്വേഷിക്കാനാവും. ഡിജിറ്റല്‍ തെളിവുകളുടെ വിശകലനത്തിന് മറ്റു ലാബുകളെ ആശ്രയിക്കുന്നതും ഒഴിവാകും.” ലോക്‌നാഥ് ബെഹ്‌റ പറയുന്നു.

മൂന്ന് ഹൈഡെഫനിഷന്‍ വീഡിയോ കാമറകള്‍, 15മൈല്‍ വരെ അകലെയുള്ള ദൃശ്യം പകര്‍ത്താവുന്ന 10 ഡിജിറ്റല്‍ കാമറകള്‍, രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്താവുന്ന പത്ത് പിന്‍ഹോള്‍ കാമറകളും റിസീവറുകളും, 32 ജി.ബി ദൃശ്യങ്ങള്‍ പകര്‍ത്താവുന്ന പത്ത് പെന്‍കാമറകള്‍ എന്നിവയാണ് വാങ്ങുന്ന പ്രധാന ഉപകരണങ്ങള്‍.

Top