ബോട്ടുകള്‍ കൂട്ടുന്ന വ്യൂസ്; യൂട്യൂബിലെ പുതിയ സംവിധാനം

ട്ടോമേറ്റഡ് വിവര സാങ്കേതിക വിദ്യയുടെ പുത്തന്‍പതിപപ്പായ ബോട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗം. സാങ്കേതികമായി ബോട്ട് എന്ന് പറയുന്നത് ഒരു പ്രത്യേക ആവശ്യത്തിനായി തയ്യാറാക്കുന്ന ഒരുകൂട്ടം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ് എന്ന് പറയാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി എന്ന അതിനൂതന സംവിധാനം കൂടി ചേര്‍ത്ത് മനുഷ്യരുടെ ഇടപെടലുകള്‍ ഇല്ലാതെ ആവശ്യമുള്ള റിസള്‍ട്ട് അല്ലെങ്കില്‍ ഔട്ട്പുട്ട് ഉണ്ടാക്കാന്‍ കഴിവുള്ള സോഫ്റ്റ്വെയറുകളാണ് ബോട്ട്. ഉദാഹരണത്തിന് ചാറ്റ് ജിപിടികള്‍ ഒരു ബോട്ട് ആണെന്ന് പറയാം. അങ്ങനെ പലതരം പര്‍പ്പസുകള്‍ക്കായി ഒട്ടനവധി ബോട്ടുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

ഒരര്‍ത്ഥത്തില്‍ ബോട്ടുകള്‍ നമ്മുടെ ജോലിഭാരം ലഘൂകരിക്കുന്നത്തിന് സഹായിക്കുന്നവയാണ്. എന്നാല്‍ ചില ബോട്ടുകള്‍ കള്ളത്തരങ്ങള്‍ കാണിക്കാനും സമര്‍ത്ഥമായി ഉപയോഗിക്കാം. ഉദാഹരണത്തിന് യൂട്യൂബില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബോട്ടുകള്‍. അതായത് നമ്മള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റിന്റെ അല്ലെങ്കില്‍ വിഡിയോയുടെ വ്യൂവേഴ്‌സിന്റെ എണ്ണം പ്രത്യേക ബോട്ട് ഉപയോഗിച്ച് ഫേക്കായി കൂട്ടാം. സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ യൂട്യൂബിലെ വിഡിയോ/അല്ലേല്‍ യൂട്യൂബ് ലൈവ് സ്ട്രീമിങ് കാണുന്ന യഥാര്‍ത്ഥ കാഴ്ചക്കാര്‍ അഥവാ ഓര്‍ഗാനിക് വ്യൂവേഴ്‌സ് കുറവാണെന്ന് കരുതുക, വ്യൂവേഴ്‌സിന്റെ എണ്ണം വ്യാജമായി കൂട്ടിക്കാണിക്കുന്ന ബോട്ടിന്റെ സേവനം ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ഏജന്‍സികള്‍ക്ക് പണം നല്‍കി കാഴ്ചക്കാരുടെ എണ്ണം ആവശ്യാനുസരണം കൂട്ടാന്‍ പറ്റുമെന്ന് സാരം.

നമുക്ക് വ്യത്യസ്ത ഫോണ്‍ നമ്പര്‍ ഉള്ളത് പോലെ ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്തിരിക്കുന്ന ഏതൊരു ഡിവൈസിനും സ്വന്തമായി ഒരു ഐപി അഡ്രസ് ഉണ്ടാവും. അപ്പോള്‍ നമ്മള്‍ ഏതെങ്കിലും യുട്യൂബ് വിഡിയോ കാണുന്നു എന്നിരിക്കട്ടെ , നമ്മള്‍ വിഡിയോ കണ്ടുകൊണ്ടിരിക്കുന്ന മൊബൈലോ കമ്പ്യൂട്ടറോ അതിന്റെ ഐപി അഡ്രസിലൂടെയാണ് ഇന്റര്‍നെറ്റില്‍ അപ്പോള്‍ പ്രതിനിധീകരിക്കപ്പെടുക എന്ന് മനസിലായല്ലോ. എന്നാല്‍ യുട്യൂബ് ബോട്ടുകള്‍ ഉപയോഗിച്ചാല്‍ വ്യാജമായി നിരവധി അസോസിയേറ്റഡ് ഐപി അഡ്രസുകള്‍ സൃഷ്ടിക്കാന്‍ പറ്റും. അതായത് യഥാര്‍ത്ഥത്തില്‍ ആരും വിഡിയോ കാണുന്നില്ലെങ്കില്‍ കൂടി വ്യൂവേഴ്‌സിന്റെ എണ്ണം വ്യാജമായി പെരുപ്പിച്ച് കാണിക്കാന്‍ സാധിക്കുമെന്നാണ് പറഞ്ഞുവരുന്നത്.

ഇത്തരം ബോട്ടുകള്‍ പണം നല്‍കി ഇപ്പോള്‍ വ്യാപകമായി പലരും യൂട്യൂബ് വ്യൂവേഴ്‌സിന്റെ എണ്ണം കൂട്ടിക്കാണിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. യൂട്യൂബിനെയും ഗൂഗിളിനെയും കബളിപ്പിച്ച് നടത്തുന്ന ഈ കള്ളത്തരം അവരുടെ ടേംസ് ആന്‍ഡ് പോളിസികള്‍ക്ക് എതിരാണ് എന്നതാണ് വാസ്തവം. അതായത് ഈ ഫേക്കിങ് പരിപാടി നടത്തുന്നവര്‍ക്ക് എതിരെ നടപടിയും പിഴയും ചുമത്തുമെന്ന് വ്യക്തമാക്കുന്നതാണ് യൂട്യൂബിന്റെ ഫേക്ക് എന്‍ഗേജ്‌മെന്റ് പോളിസി.

ഈ ലൈവ് സ്ട്രീമിങ്ങ് നടത്തുന്ന യൂട്യൂബ് ചാനലുകളില്‍ ബോട്ട് ഉപയോഗിച്ച് വ്യൂവേഴ്‌സിനെ കൂട്ടിയിട്ടുണ്ടോ എന്ന് വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റും. പൊതുവെ ആരും ലൈവ് കാണാത്ത സമയങ്ങളില്‍ ഒക്കെ അസാധാരണമായി ലൈവ് വ്യൂവേഴ്‌സിന്റെ എണ്ണം കൂടിയാല്‍ ബോട്ടിറക്കിയോ എന്ന് സംശയിക്കാം. ഇനിയുമുണ്ട്, സാധാരണ ലൈവിനിടെ പരസ്യം വന്നു എന്നിരിക്കട്ടെ കുറേ അധികം യഥാര്‍ത്ഥ കാഴ്ചക്കാര്‍ പെട്ടെന്ന് ഇറങ്ങിപ്പോകും. എന്നാല്‍ ബോട്ട് ഉപയോഗിച്ചുള്ള ഫേക്ക് കാഴ്ചക്കാര്‍ ആണെങ്കില്‍ പരസ്യം വന്നാലും എണ്ണം മാറാതെ അതുപോലെ നില്‍ക്കുന്നത് കാണാം, അതും അസാധാരണമാം വിധം. എന്തായാലും ഈ കള്ളക്കളികള്‍ കൊണ്ട് പ്രത്യേകിച്ച് ഒരു മെച്ചവുമില്ലെന്ന് മാത്രവുമല്ല ഗൂഗിളിന്റെ പോളിസികള്‍ക്ക് എതിരായതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും പിടി വീഴാവുന്നതുമാണ്.

Top