viewing pirated films online not an offence bombay high court

മുംബൈ: പകര്‍പ്പാവകാശ നിയമം അനുസരിച്ച് ഓണ്‍ലൈനില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കാണാനാകില്ലെന്ന് ബോംബ ഹൈക്കോടതി.

വ്യാജന്‍ കാണുന്നതല്ല കുറ്റം, മറിച്ച് അത് അനുവാദമില്ലാതെ പകര്‍പ്പുണ്ടാക്കുകയും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നത് കുറ്റകരമാണ് ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു.

സിനിമയുടെ പകര്‍പ്പുണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന വാചകം പിന്‍വലിച്ച് പകരമായി കൂടുതല്‍ വ്യക്തമായി ഇത്തരം വ്യാജപതിപ്പുകള്‍ ഉള്‍പ്പെടുന്ന യു.ആര്‍.എല്‍ തന്നെ ബ്ലോക്ക് ചെയ്യും എന്ന വാചകം ചേര്‍ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിഷൂം എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ വ്യാജനെതിരെ നല്‍കിയ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ഇത്തരം ബ്ലോക് ചെയ്ത സൈറ്റുകളില്‍ എറര്‍ സന്ദേശവും പ്രദര്‍ശിപ്പിക്കണം.

ഈ സന്ദേശത്തില്‍ ഏതൊക്കെ നിയമം അനുസരിച്ച് വ്യാജന്‍ ഇറക്കുന്നത് കുറ്റകരമാകുമെന്നും മൂന്നുവര്‍ഷം വരെ തടവും മൂന്നു ലക്ഷം രൂപ വരെ പിഴയും ചുമത്തുന്നതും അടക്കമുള്ള വിവരങ്ങളും ചേര്‍ക്കണം.

പരാതികള്‍ പരിശോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും കൃത്യമായി ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ ഒരു ഇമെയില്‍ വിലാസവും നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിലേക്ക് ലഭിക്കുന്ന പരാതികളില്‍ രണ്ട് പ്രവൃത്തി ദിനത്തിലുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Top