ശശീന്ദ്രന്‍ ചെയ്തത് ഒരു ഇടതുപക്ഷ മന്ത്രി ഒരിക്കലും ചെയ്യരുതാത്തത്, മന്ത്രിയാക്കരുത്

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം ഇടതുമുന്നണിക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കിയ സംഭവമാണ് ബന്ധു നിയമനവും ഫോണ്‍ കെണിയും.

ഇതില്‍ ബന്ധു നിയമന കേസില്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജനെ കോടതി തന്നെ കുറ്റവിമുക്തനാക്കി കഴിഞ്ഞു.

എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു കമ്യൂണിസ്റ്റുകാരനായ മന്ത്രി പുലര്‍ത്തേണ്ട ജാഗ്രത ഇ.പി.ജയരാജന്‍ കാണിച്ചില്ല എന്ന സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തലും ശാസനയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

തനിക്ക് പറ്റിയ തെറ്റ് പാര്‍ട്ടിക്ക് മുന്നില്‍ ഏറ്റുപറഞ്ഞ ജയരാജന്‍, ജാഗ്രത കുറവുണ്ടായി എന്ന് പറഞ്ഞതും നാം ഓര്‍ക്കണം.

സ്വയം വിമര്‍ശനം നടത്തിയ ഈ കമ്യൂണിസ്റ്റിന്റെ നടപടിയും സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്.

എന്നാല്‍ കോടതിയുടെ അന്തിമ നിലപാട് വരും മുന്‍പ് തന്നെ ഒഴിവുവന്ന മന്ത്രിസഭയിലെ സി.പി.എം ക്വാട്ടയില്‍ എം.എം മണിയെ മന്ത്രിയാക്കുക വഴി ഒരിക്കല്‍ പറ്റിയ തെറ്റ് തിരുത്താന്‍ വീണ്ടും അവസരം നല്‍കില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും പിന്നീട് നല്‍കിയത്.

ഇതേ രൂപത്തില്‍ ഫോണ്‍ കെണി സംഭവത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയുമായി ‘രതി’ സംഭാഷണത്തില്‍പ്പെട്ട് പുറത്തായ എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ നിയമിച്ചും നടപടിയില്‍ വിവേചനമില്ലന്ന് വീണ്ടും തെളിയിച്ചു.

ഇപ്പോള്‍ ഏത് നിമിഷവും പുറത്തു പോകുന്ന സാഹചര്യത്തില്‍ ഗുരുതര ആരോപണത്തില്‍പ്പെട്ട് നില്‍ക്കുന്ന തോമസ് ചാണ്ടിക്ക് പകരം മന്ത്രിസഭയില്‍ കയറിപറ്റാനുള്ള നീക്കത്തിലാണ് ശശീന്ദ്രന്‍.

എന്‍.സി.പിക്ക് രണ്ടു എം.എല്‍.എമാരേ ഒള്ളൂവെന്നതിനാല്‍ ചാണ്ടി രാജി വെച്ചാല്‍ മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തി ശശീന്ദ്രനെ മന്ത്രിയാക്കാന്‍ ഒരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്.

ഈ നീക്കങ്ങളുടെ ഭാഗമാണ് ഫോണ്‍ വിളി വിവാദ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അണിയറയില്‍ ഇപ്പോള്‍ നടക്കുന്ന നീക്കം.

ശശീന്ദ്രനെതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കിയെന്നും പരാതി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമാണ് പരാതിക്കാരി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന ഏര്‍പ്പാടാണിത്.

മന്ത്രി മാധ്യമ പ്രവര്‍ത്തകയോട് സംസാരിച്ച അശ്ലീല സംഭാഷണം കേരളം ശ്രവിച്ചതാണ് എന്നത് ശശീന്ദ്രനെ മന്ത്രിയാക്കാന്‍ ഓടി നടക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

വീണ്ടും ശശീന്ദ്രനെ മന്ത്രിയാക്കുക എന്ന സാഹസത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും തയ്യാറാവില്ലന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

നാടു ഭരിക്കാന്‍ ചുമതലപ്പെട്ടവര്‍ പന്നത്തരം കാണിച്ചിട്ട് പിന്നീട് പുറത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ രാഷ്ട്രീയ കേരളം അത് മറക്കുമെന്ന് കരുതുന്നത് വിഢിത്തരമാണ്.

തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സി.പി.എം അണികള്‍ ആഗ്രഹിക്കുന്നത് ആ വകുപ്പ് സി.പി.എം ഏറ്റെടുക്കണമെന്നതാണ്.

നേതാക്കളല്ലാതെ അണികള്‍ ഇല്ലാത്ത ഘടകകക്ഷികളെ ചുമക്കുന്ന ഏര്‍പ്പാട് ഇനിയെങ്കിലും സി.പി.എം നേതൃത്വം അവസാനിപ്പിക്കണമെന്നത് പാര്‍ട്ടിയിലെ പൊതുവികാരം തന്നെയാണ്.

ഇടതുപക്ഷത്ത് സി.പി.എമ്മിനല്ലാതെ മറ്റൊരു ഘടകകക്ഷിക്കും ജനപിന്തുണയില്ല. സി.പി.ഐ ഒഴികെയുള്ളവരെ ഘടകകക്ഷികളായി പോലും കണക്കാക്കാന്‍ കഴിയുകയുമില്ല.

സി.പി.ഐക്കാകട്ടെ ഏതാനും ജില്ലകളില്‍ മാത്രമാണ് സ്വാധീനം. ഒറ്റക്ക് ഒരു എം.എല്‍.എയെ വിജയിപ്പിക്കാന്‍ ശേഷിയില്ലാത്ത ആ പാര്‍ട്ടി ഇപ്പോള്‍ എം.എല്‍.എമാരുടെ എണ്ണത്തില്‍ മൂന്നാം പാര്‍ട്ടിയായത് സി.പി.എം അനുഭാവികളുടെ വോട്ട് കൊണ്ടു മാത്രമാണ്.

അച്ചടക്ക നടപടി എടുക്കുന്ന സി.പി.എം പ്രവര്‍ത്തകരെ സി.പി.ഐയില്‍ എടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് പ്രധാനമായും അവരിപ്പോള്‍ നിര്‍വ്വഹിച്ചു വരുന്നത്.

സി.പി.ഐക്ക് നല്‍കിയ നാലു മന്ത്രി സ്ഥാനങ്ങളില്‍ ഭക്ഷ്യവകുപ്പില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ വിജിലന്‍സ് പരിശോധിക്കുന്നതും നല്ലതായിരിക്കും.

പാര്‍ട്ടിക്കും മുന്നണിക്കും ബാധ്യതയായവരെ ഇനിയും ചുമക്കണമോ എന്ന കാര്യം സി.പി.എം നേതൃത്വം ഗൗരവമായി ചിന്തിക്കണം.

മുസ്ലീം ലീഗിനേയോ, കേരള കോണ്‍ഗ്രസ്സിനെയോ പോലെ സ്വാധീനമുള്ള ഒരു ഘടകകക്ഷികളും ഇല്ലാതിരുന്നിട്ടും ഭരണത്തില്‍ വലിയ ഭൂരിപക്ഷത്തിന് ഇടതുപക്ഷത്തിനു വരാന്‍ കഴിഞ്ഞതില്‍ സി.പി.എമ്മിന്റെ ജനകീയ അടിത്തറയാണ് വലിയ പങ്കുവഹിച്ചത്.

ഒരു മുന്നണിയെന്ന് പറയാന്‍ സ്വാര്‍ത്ഥ താല്‍പര്യക്കാരുടെ കൂട്ടത്തെ മുന്നണിയിലെടുക്കണമെങ്കില്‍ അത്തരം മുന്നണിതന്നെ ഇല്ലാത്തതാണ് ഭേദം.

അര്‍ഹതയില്ലാത്തവരെ പിടിച്ച് മന്ത്രിയാക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ പഴി കേള്‍ക്കേണ്ടി വരുന്നത് എന്ന് മനസ്സിലാക്കി ശക്തമായ നിലപാടുകള്‍ ഇനിയെങ്കിലും സ്വീകരിക്കാന്‍ സി.പി.എം തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു.

Team Express Kerala

Top