കച്ചവട സിനിമക്ക് വേണ്ടി എന്തു ചെറ്റത്തരം കാണിച്ചാലും അതു അംഗീകരിക്കാനാവില്ല

പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി ഒരു വിഭാഗം സിനിമാക്കാര്‍ ഇപ്പോള്‍ മാറി കഴിഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് മേല്‍ പോറലേല്‍പ്പിച്ചാകരുത്. അത് ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യനായാലും മറ്റ് ഏത് മത വിഭാഗത്തില്‍പ്പെട്ടവരെയായാലും നിന്ദ പാടില്ല.

കോടിക്കണക്കിന് ജനങ്ങളുടെ ആരാധനാമൂര്‍ത്തിയുടെ പേരിനൊപ്പം ‘സെക്‌സി’ എന്നു ചേര്‍ത്ത് സെക്‌സി ദുര്‍ഗ്ഗയെന്ന പേരു നല്‍കി വിവാദമുണ്ടാക്കാനും അതുവഴി സിനിമക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാനും ശ്രമിച്ച വിരുതന്‍മാര്‍ വാഴുന്ന മേഖലയാണ് മലയാള സിനിമ.

സെക്‌സി ദുര്‍ഗ്ഗ എന്ന പേര് സിനിമക്ക് നല്‍കിയതിലെ ‘കച്ചവട താല്‍പ്പര്യം’ തുറന്ന് കാട്ടി ഞങ്ങള്‍ അന്ന്തന്നെ ശക്തമായി പ്രതികരിച്ചിരുന്നതാണ്. ഇപ്പോള്‍ ഇതാ യുവ സംവിധായകന്‍ ഒമര്‍ ലുലുവും സമാന പാതയിലെത്തിയിരിക്കുന്നു.

‘ഒരു അഡാര്‍ ലൗ’ എന്ന സിനിമയിലെ മാണിക്യ മലരായ എന്ന പാട്ടും ടീസറും മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

പാട്ട് പരിശോധിച്ച പൊലീസിന് പ്രവാചക നിന്ദ അതില്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജിമിക്കി കമ്മല്‍ എന്ന വൈറലായ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തന്നെയാണ് ഈ ഗാനത്തിനും സംഗീതം പകര്‍ന്നിരിക്കുന്നത്. രണ്ട് ഗാനങ്ങളും ആലപിച്ചതാകട്ടെ വിനീത് ശ്രീനിവാസനും.

ഒരു പാട്ട് വിവാദമാക്കി അതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന് മുന്‍ കൂട്ടി തയ്യാറാക്കിയാണ് ‘ഒരു അഡാര്‍ ലൗ’ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നത് വ്യക്തം.

മോഹന്‍ലാല്‍ നായകനായ സിനിമയിലെ ഗാനമായതിനാല്‍ ‘ജിമിക്കിക്കമ്മ’ല്ലിനെതിരെ വിമര്‍ശനങ്ങള്‍ കാര്യമായി ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ആ സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് വല്ലതും ആണ് പാടി അഭിനയിച്ചിരുന്നുവെങ്കില്‍ സോഷ്യല്‍ മീഡിയ ‘കൊന്നു’ കൊലവിളിക്കുമായിരുന്നില്ലെ ?

‘അമ്മേടെ ജിമ്മിക്കിക്കമ്മല്‍ അപ്പന്‍ കട്ടോണ്ട് പോയതും ഇത് കണ്ട അമ്മ അപ്പന്റെ ബ്രാണ്ടി കുപ്പി കുടിച്ച് തീര്‍ത്തതും’ ഗാന രചയിതാവിന്റെ വികൃതമായ മനസ്സിനെ മാത്രമല്ല, സിനിമയുടെ കച്ചവട താല്‍പ്പര്യത്തെ തന്നെയാണ് തുറന്നു കാട്ടുന്നത്.

എന്തിനോടും പ്രതികരിക്കുന്ന . . ‘എല്ലാം’ ഏറ്റെടുക്കുന്ന സോഷ്യല്‍ മീഡിയ ജിമിക്കി കമ്മല്‍ ഏറ്റെടുത്ത് വൈറലാക്കിയത് കൊച്ചിയിലെ ഒരു സ്വകാര്യ കോളജിലെ ഷെറിന്‍ എന്ന അദ്ധ്യാപികയും സംഘവും ഈ ഗാനത്തിന് അനുസരിച്ച് ചുവടുവച്ച മനോഹരമായ നൃത്തത്തില്‍ ഭ്രമിച്ചാണ്.

യുട്യൂബില്‍ അപ് ലോഡ് ചെയ്ത ഈ വീഡിയോ കേരളത്തേക്കാള്‍ തരംഗമായത് അയല്‍ സംസ്ഥാനമായ തമിഴകത്താണ് എന്നതും ശ്രദ്ധേയമാണ്.

എന്തിനേറെ അമേരിക്കയിലെ പ്രശസ്ത ടി.വി അവതാരകന്‍ വരെ ജിമിക്കി കമ്മല്‍ ഗാന വീഡിയോ ഷെയര്‍ ചെയ്ത് അമ്പരപ്പിച്ചുക്കളഞ്ഞു. ഗാനം വൈറലായെങ്കിലും മോഹന്‍ലാല്‍ നായകനായ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമ വന്‍ പരാജയമായിരുന്നു.

ഗാനമല്ല ,സിനിമയുടെ പ്രമേയമാണ് ഒരു സിനിമയുടെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുക എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു പ്രേക്ഷകരുടെ ഈ പ്രതികരണം.

ഇപ്പോള്‍ കൊട്ടിഘോഷിച്ച് പുറത്ത് വിട്ട ‘ഒരു അഡാര്‍ ലവും’ പ്രമേയം നല്ലതല്ലങ്കില്‍ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടും എന്നതും വ്യക്തമാണ്.

ഈ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ പാട്ടിലെ വരികള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലാണെന്നാണ് ഒരു സംഘം ചെറുപ്പക്കാര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വരികളെ നിന്ദിക്കുന്ന വിധത്തിലാണ് പാട്ടില്‍ നായികയുടെ ഭാവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിന് പുറത്തും നായികയുടെ ‘കണ്ണിറുക്കല്‍’ മാനറിസം തരംഗമായതോടെ പാട്ടിലെ പരിഭാഷക്ക് വലിയ ഡിമാന്റാണുള്ളത്.

പ്രണയത്തിന്റെ പരിശുദ്ധ ഭാവമായും വികാരമായും വരെ ഈ കണ്ണിറുക്കലിനെ സിനിമയുടെ ‘പ്രമോട്ടര്‍’ മാര്‍ മാത്രമല്ല ,ചില ചാനലുകള്‍ വരെ ഇപ്പോള്‍ ചിത്രീകരിക്കുന്നുണ്ട്.

ഇത്തരക്കാരോട് ഒരു വാക്ക് . .

അകാലത്തില്‍ മരണപ്പെട്ട യുവതിയുടെ ചേതനയറ്റ ശരീരത്തില്‍ മിന്നുകെട്ടിയ ഒരു കാമുകന്റെ മനസ്സിന് മുന്നില്‍ ‘കാലന്‍’ പോലും നമിച്ചത് നിങ്ങള്‍ ഓര്‍ക്കുക . .

എന്നിട്ടുമതി സാങ്കല്‍പ്പിക കഥാപാത്രങ്ങളുടെ കണ്ണിറുക്കലിന് മാര്‍ക്കിടുന്നത്

Team Express Kerala

Top