view-Is this another Pulimurugan Arya’s Kadamban action is shot amidst 50 elephants

കടമ്പനെ കണ്ടാല്‍ സാക്ഷാല്‍ ‘പുലിമുരുകനും’ ഒന്നു വിറയ്ക്കും.

പുലിമുരുകനില്‍ പുലിയോട് മോഹന്‍ലാല്‍ നടത്തിയ ഏറ്റുമുട്ടലുകളെ കവച്ചുവയ്ക്കുന്നതാണ് ചീറിപായുന്ന കാട്ടാന കൂട്ടത്തില്‍ നിന്ന് വില്ലനുമായി നായകന്‍ നടത്തുന്ന പൊരിഞ്ഞ സംഘട്ടനം.

ഭൂമിയില്‍ നിന്നും ചാടി ആനക്കൊമ്പില്‍ ചവിട്ടി മിന്നല്‍ വേഗത്തില്‍ വില്ലനെ പ്രഹരിക്കുന്ന ആര്യയുടെ ഒറ്റ സീന്‍ മതി കാട്ടിലെ യഥാര്‍ത്ഥ ‘പുലിമുരുകന്‍ ‘ ആരാണെന്ന് വ്യക്തമാവാന്‍.

300 ആനകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 50 ആനകള്‍ പങ്കെടുത്ത ക്ലൈമാക്‌സ് ചിത്രീകരണത്തിനായി അഞ്ചു കോടിയോളമാണ് ചിലവഴിച്ചതെങ്കിലും ആകെ പരിശോധിക്കുമ്പോള്‍ മോഹന്‍ലാലിന്റെ പുലിമുരുകന്റെ അടുത്ത് പോലും ഈ ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് എത്തുന്നില്ലന്നതും ശ്രദ്ധേയമാണ്.

സിനിമയില്‍ കാട്ടുവാസിയായ കടമ്പനെ അവതരിപ്പിക്കുന്ന ആര്യ സിക്‌സ് പാക്കിലാണ് വരുന്നത്.

പ്രകൃതിയെ സമ്പത്തിന് വേണ്ടി കൊള്ളയടിക്കാന്‍ വരുന്ന കോര്‍പ്പറേറ്റ് ഭീമനില്‍ നിന്നും അവരുടെ സായുധരായ കൊള്ളസംഘത്തില്‍ നിന്നും കാടിനെ രക്ഷിക്കുന്നതിനു വേണ്ടി കാടിന്റെ മക്കള്‍ നടത്തുന്ന രക്തരൂക്ഷിത പോരാട്ടത്തിന്റെ കഥയാണ് ‘കൊമ്പന്‍ ‘പറയുന്നത്.

കാടും, മലകളും, പാടങ്ങളും, അരുവികളും മരങ്ങളുമെല്ലാം നശിപ്പിച്ച് ഭൂമിയെ അരുംകൊല ചെയ്യുന്ന കച്ചവട മനസ്സുകളെ തുറന്നു കാട്ടുന്നതോടൊപ്പം അതിനെ ചെറുത്ത് തോല്‍പ്പിക്കുന്നതിനായി സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ ഒരു ജനതയുടെ വികാരം കൂടി വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ മികച്ച ദൃശ്യഭംഗിയില്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

പുലിമുരുകനിലെ മോഹന്‍ലാലിനോടല്ല, മറിച്ച് ആര്യയുടെ ചില ആക്ഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ സാക്ഷാല്‍ ബാഹുബലിയിലെ പ്രഭാസിനെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് ഓര്‍മ്മ വരിക.

15,000 കാണികളെ സംഘടിപ്പിച്ച് മോഹന്‍ലാല്‍ കൂടി പങ്കെടുത്ത് അങ്കമാലിയില്‍ പുലിമുരുകന്റെ ത്രിഡി പതിപ്പ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തീര്‍ത്തതിന് തൊട്ടുപിന്നാലെയാണ് കാടിന്റെ യഥാര്‍ത്ഥ ‘പുലിമുരുകന്‍’ അതിര്‍ത്തി കടന്ന് മലയാളി മനസ്സ് കീഴടക്കാന്‍ എത്തിയിരിക്കുന്നത്.

പുലിമുരുകനിലേക്ക് കടമ്പന് ഇനി എത്ര ദൂരമാണ് എന്ന ചോദ്യം മോഹന്‍ലാലിന്റെ താരപകിട്ടിനു മുന്നില്‍ പ്രസക്തമല്ലങ്കിലും രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ താരതമ്യം ചെയ്യപ്പെടുമെന്ന കാര്യം ഉറപ്പാണ്.

ആര് അംഗീകരിച്ചാലും ഇല്ലങ്കിലും പുലിമുരുകനെ കവച്ചുവയ്ക്കുന്ന തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കടമ്പനില്‍ ആര്യ കാഴ്ചവച്ചിരിക്കുന്നത് എന്ന് കടമ്പന്‍ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ തന്നെ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് ആര്യയുടെ നായിക. തമിഴ്‌നാട്, തായ് ലന്റ്, കേരളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നിരുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ രാഘവയാണ് കടമ്പ സംവിധാനം ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട് :സൗമ്യ രഞ്ജിത്ത്

Top