‘നാറിയവനെ ചുമന്നാൽ ചുമന്നവർ കൂടി നാറുമെന്ന്’ സർക്കാർ മനസ്സിലാക്കുന്നില്ലേ ?

തോമസ് ചാണ്ടിയെ സംരക്ഷിച്ച് നിര്‍ത്തുന്ന നിലപാട് സര്‍ക്കാറും ഇടതുപക്ഷവും ഉടന്‍ തന്നെ തിരുത്തി ശരിയായ നിലപാട് സ്വീകരിക്കണം, ഇതാണിപ്പോള്‍ കേരളത്തിന്റെ പൊതുവികാരം.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നു.

എന്നാല്‍ സര്‍ക്കാറിന്റെ തന്നെ കീഴിലുള്ള ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഈ സര്‍ക്കാര്‍ അംഗീകരിക്കില്ലേ ? അതോ അതും തള്ളിക്കളയുകയാണോ ?

ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം മണ്ണിട്ടു നികത്തിയതായും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിലം നികത്തിയതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കയ്യേറ്റ വിഷയത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് പോലും മന്ത്രിക്ക് പ്രത്യേക പരിഗണനയാണോ എന്ന് ചോദിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കൊണ്ടുതന്നെയാണ്.

പാവങ്ങളോടും ഇതേ നിലപാടാണോ എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യം പാവങ്ങളുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുവാന്‍ ജനം അധികാരത്തിലേറ്റിയ ഇടതു സര്‍ക്കാറിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി വിലയിരുത്തപ്പെട്ടാലും കുറ്റം പറയാനാകില്ല.

ഒരു കമ്യൂണിസ്റ്റുകാരനായ മന്ത്രി ചെയ്ത തെറ്റിനല്ല, മറിച്ച് ഘടക കക്ഷിയായ ബൂര്‍ഷ്യാ പാര്‍ട്ടിയുടെ ശതകോടീശ്വര മന്ത്രി ചെയ്ത തെറ്റുകള്‍ക്കും അഹങ്കാരത്തിനുമാണ് എല്ലാ പഴികളും സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും തെരുവില്‍ പോലും ഇപ്പോള്‍ നേരിടേണ്ടി വരുന്നത്.

അവസരവാദികളായ സി.പി.ഐയുടെ നിലപാടുകളെ ഞങ്ങളും മുഖവിലക്കെടുക്കുന്നില്ല.

മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ മാത്രം നിലപാടുകള്‍ സ്വീകരിക്കുന്ന രൂപത്തിലേക്ക് അധ:പതിച്ചു കഴിഞ്ഞു ആ പാര്‍ട്ടി ഇപ്പോള്‍.

ഘടകകക്ഷി മന്ത്രിമാരില്‍ ‘ചിലരുടെ’ വകുപ്പുകളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് പരിശോധിച്ചാല്‍ പിന്നെ വിമര്‍ശിക്കാന്‍ ഒരു ഘടകകക്ഷി നേതാവും വാ തുറക്കില്ലന്നതും യാഥാര്‍ത്ഥ്യമാണ്.

തോമസ് ചാണ്ടി പ്രശ്‌നത്തില്‍ ശരിയായ നിലപാട് സ്വീകരിക്കാനുള്ള ചങ്കുറപ്പ് മുഖ്യമന്ത്രി പിണറായിക്ക് ഉണ്ടെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

ഹൈക്കോടതിയുടെ പരിഗണനയില്‍ കേസ് ഉള്ളതിനാലാണ് നടപടി വൈകിയതെങ്കില്‍, കോടതിയുടെ പരാമര്‍ശത്തില്‍ തന്നെ ഇപ്പോള്‍ നിലപാട് സംബന്ധിച്ച സൂചന ലഭിച്ചതിനാല്‍ ഇനിയും നടപടി വൈകിക്കാതിരിക്കുന്നതാണ് ഉചിതം.

തോമസ് ചാണ്ടി ചെയ്ത പാപങ്ങളുടെ ഭാരം മുഴുവന്‍ ഏറ്റെടുക്കേണ്ട ഗതികേട് സി.പി.എമ്മിനോ ഇടതു പക്ഷത്തിനോ ഇല്ലല്ലോ ?

തീരുമാനം എടുക്കാന്‍ വൈകും തോറും അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് കണ്ട് ഉടന്‍ തന്നെ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നതാണ് ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന ജന വിഭാഗങ്ങളും ആഗ്രഹിക്കുന്നത്.

സി.പി.എമ്മിന്റെ ‘കരുണ’യില്‍ മാത്രം രണ്ട് എം.എല്‍.എമാരെ ലഭിച്ച പാര്‍ട്ടിയാണ് എന്‍.സി.പി.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനൊപ്പവും കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പവും നില്‍ക്കുന്ന വിചിത്ര നിലപാട് സ്വീകരിക്കുന്ന ആ പാര്‍ട്ടിയെ മുന്നണിയിലെടുത്തത് തന്നെ വലിയ തെറ്റാണ്.

രാഷ്ട്രീയ നിരീക്ഷകര്‍ കളിയാക്കിയാണെങ്കിലും പറയുന്ന പോലെ ‘ഒരു ബസില്‍ കയറ്റി കൊണ്ടുപോകാനുള്ള ആളുകള്‍ പോലും ഇല്ലാത്ത ഇടതു ഘടകകക്ഷികളുടെ ആളുകളാണ് മന്ത്രി പദവികളില്‍ ഇരിക്കുന്നത് എന്നത് ഒരു ‘യാഥാര്‍ത്ഥ്യം’ തന്നെയല്ലേ ?

ഇടതുപക്ഷത്ത്, 90 ശതമാനവും സംഘടിത ശക്തിയും ജനപിന്തുണയും സി.പി.എമ്മിനും അതിന്റെ ബഹുജന സംഘടനകള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്.

പിന്നെ അല്‍പ്പമെങ്കിലും സ്വാധീനം ഉള്ളത് സി.പി.ഐക്കാണ്. അതും ചില ജില്ലകളില്‍, ചില മേഖലകളില്‍ മാത്രം.

ഒറ്റക്ക് നിന്നാല്‍ ഒരു എം.എല്‍.എയെ പോലും സൃഷ്ടിക്കാന്‍ വീരവാദം മുഴക്കുന്ന ഈ ഘടകകക്ഷികള്‍ക്കും കഴിയുകയുമില്ല,

ജനസ്വാധീനമില്ലാത്ത പാര്‍ട്ടികളുടെ ജല്‍പ്പനങ്ങള്‍ക്ക് അല്ല ജനകീയ അടിത്തറയുള്ള കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ശരിയായ തീരുമാനത്തിനാണ് കേരളം ഇപ്പോള്‍ കാതോര്‍ത്തിരിക്കുന്നത്.

ചാണ്ടി പ്രശ്‌നത്തില്‍ ഒരു തീരുമാനമെടുക്കാന്‍ എല്ലാ അര്‍ത്ഥത്തിലും ബാധ്യതപ്പെട്ടിരിക്കുന്നത് സി.പി.എമ്മിനും അതിന്റെ മുഖ്യമന്ത്രി പിണറായി വിജയനും മാത്രമാണ്.

Team Express Kerala

Top