വിയറ്റ്നാമില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി

ഹനോയ് : ലോകത്ത് കൊവിഡ് വൈറസിന്റെ രണ്ടാം തരംഗവും ഭീതി പരത്തി കൊണ്ടിരിക്കുകയാണ്.ഇതിനിടെയാണ് അത്യന്തം അപകടകാരിയായ പുതിയ കൊവിഡ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത് . വിയറ്റ്നാമിലെ ശാസ്ത്രജ്ഞരാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്.

ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കൊറോണ വൈറസ് ഇനങ്ങളുടെ സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി പറഞ്ഞു. അടുത്തിടെ രോഗികളെ ബാധിച്ച വൈറസിനെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കണ്ടെത്തല്‍. വളരെ വേഗം പടരാനും, മാരകമാകാനും ശേഷിയുള്ളതാണ് ഇതെന്ന് ആരോഗ്യമന്ത്രി ഗുയിൻ തൻ ലോങ് പറഞ്ഞു.

വിയറ്റ്നാമിലെ 63 മുനിസിപ്പാലിറ്റികളിൽ 30 എണ്ണത്തിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യമുണ്ട്. പുതിയ ഇനമാകാം അടുത്തിടെ വിയറ്റ്നാമിലെ കൊവിഡ് കേസുകളിലുണ്ടായ വർധനവിന് കാരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യം ആദ്യ കാലങ്ങളിൽ വൈറസ് വ്യാപനത്തെ ചെറുത്തുതോൽപ്പിക്കുന്നതിൽ വിജയിച്ചിരുന്നു. മെയ് ആദ്യം വരെ 3,100 കേസുകളും 35 മരണങ്ങളുമാണ് വിയറ്റ്നാമിൽ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി 3,500 ലധികം പുതിയ കേസുകളും 12 മരണങ്ങളും സംഭവിച്ചു.

Top