വിധു വിന്‍സെന്റിന്റെ ‘വൈറല്‍ സെബി’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് ചിത്രങ്ങള്‍ക്ക് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘വൈറല്‍ സെബി’ എന്ന ടൈറ്റിലിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മഞ്ജു വാര്യരും ഫഹദ് ഫാസിലും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ റിലീസ് ചെയ്തു.

കാര്‍ മിററില്‍ രണ്ടു കണ്ണുകള്‍ മാത്രം കാണിച്ച് ആകാംക്ഷയുണര്‍ത്തുന്ന പോസ്റ്ററാണ് വൈറല്‍ സെബിയുടേത്. ‘റൈഡ്, ഷെയര്‍ ആന്‍ഡ് സബ്സ്‌ക്രൈബ്’ എന്ന ടാഗ്ലൈനും പോസ്റ്ററില്‍ കാണിച്ചിരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ അഭിനേത്രിയും കേരള ചലച്ചിത്ര അക്കാദമിയുടെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ സജിത മഠത്തില്‍ ആണ് വൈറല്‍ സെബിയുടെ തിരക്കഥയില്‍ പങ്കാളിയാകുന്നത്. സജിത മഠത്തിലിനൊപ്പം ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആനന്ദ് ഹരിദാസ് ആണ്.

ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷയും മഞ്ജു ബാദുഷയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായികക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിന്‍സന്റ്, മലയാളസിനിമാ സംവിധാനത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ വനിത കൂടിയാണ്.

 

Top