ഡല്‍ഹി കലാപങ്ങള്‍ക്കിടെ പോലീസിന് നേരെ ജനക്കൂട്ടം; ഓഫീസറെ രക്ഷിച്ചത് വലിച്ചിഴച്ച്!

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന അതിക്രമ സംഭവങ്ങള്‍ക്കിടെ അരങ്ങേറിയ സംഭവവികാസങ്ങളുടെ തോത് വ്യക്തമാക്കുന്ന രണ്ട് വീഡിയോ ദൃശ്യങ്ങള്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഫെബ്രുവരി 24ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. കലാപകാരി സംഘങ്ങള്‍ പോലീസുകാരെ അക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് ശര്‍മ്മയ്ക്കും, അദ്ദേഹത്തിന്റെ ടീമിനും നേരെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ചാന്ദ് ബാഗ് പ്രദേശത്ത് വെച്ച് നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുന്നത്. അക്രമിസംഘത്തിന്റെ പിടിയില്‍ നിന്നും പോലീസ് സംഘം വലിച്ചിഴച്ച് രക്ഷപ്പെടുത്തിയത് ഡിസിപി ശര്‍മ്മയെ തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ശര്‍മ്മ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴ് പോലീസുകാരുടെ
സംഘത്തെ നൂറോളം പേര്‍ വരുന്ന ജനക്കൂട്ടമാണ് അക്രമിച്ചത്. അടുത്ത കെട്ടിടത്തില്‍ നിന്നും മൊബൈലിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പോലീസുകാര്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലുകള്‍ പാഞ്ഞുവന്നതോടെ ഇവര്‍ക്ക് സുരക്ഷ തേടി ഓടാതെ മറ്റ് വഴിയുണ്ടായിരുന്നില്ല.

സമാനമായ മറ്റൊരു വീഡിയോയില്‍ ഇരുനൂറോളം കലാപകാരികള്‍ കല്ലെറിയുമ്പോള്‍ റോഡിന്റെ മധ്യത്തില്‍ പോലീസ് നിസ്സഹായരായി നില്‍ക്കുന്ന മറ്റൊരു ദൃശ്യവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കലാപകാരികള്‍ക്ക് എതിരെയുള്ള ശക്തമായ തെളിവായി ഈ ദൃശ്യങ്ങള്‍ മാറും.

Top