‘അവസരം മുതലാക്കാനായില്ല’; സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുന്ന സഞ്ജു – വീഡിയോ

ബാര്‍ബഡോസ് : വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ അവസരം കിട്ടിയ സഞ്ജു സാംസണ്‍ (9) നിരാശപ്പെടുത്തിയിരുന്നു. ആദ്യ ഏകദിനത്തില്‍ ഉള്‍പ്പെടുത്താതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തവണ അവസരം നല്‍കിയത്. സഞ്ജുവിനൊപ്പം അക്‌സര്‍ പട്ടേലും ടീമിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവര്‍ പുറത്തിരുന്നു. കോലിയുടെ മൂന്നാം സ്ഥാനത്താണ് സഞ്ജു കളിച്ചത്.

ഓപ്പണറായ ശുഭ്മാന്‍ ഗില്‍ (34) പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. 19 പന്തുകള്‍ നേരിട്ട താരത്തിന് ഒരു ബൗണ്ടറി പോലും നേടാന്‍ സാധിച്ചതുമില്ല. സഞ്ജു ക്രീസില്‍ നില്‍ക്കുന്നതിനിടെ ഇഷാന്‍ കിഷന്‍ (55), അക്‌സര്‍ പട്ടേല്‍ (1), ഹാര്‍ദിക് പാണ്ഡ്യ (7) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. യാനിക് കറിയയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. പന്തിന്റെ ഗതി മനസിലാക്കുന്നതില്‍ സഞ്ജു പരാജയപ്പെടുകയായിരുന്നു. സഞ്ജു പുറത്താവുന്ന വീഡിയോ കാണാം…

ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് രണ്ട് മാറ്റം വരുത്തി. അല്‍സാരി ജോസഫ്, കീസി കാര്‍ടി എന്നിവര്‍ ടീമിലെത്തി. ഡൊമിനിക് ഡ്രാക്സ്, റോവ്മാന്‍ പവല്‍ എന്നിവരാണ് പുറത്തായത്. ഇന്ത്യ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം നല്‍കി. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

Top