മരക്കുറ്റിയാണെന്ന് തെറ്റിദ്ധരിച്ച് കയറിപ്പിടിച്ചത് മലമ്പാമ്പിനെ; സാഹസിക വീഡിയോ വൈറല്‍

സുമാത്ര: ഒരു കൂട്ടം പാമ്പു പിടുത്തക്കാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ഇന്തോനേഷ്യന്‍ ഗ്രാമത്തില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നത്. 26 അടി നീളമുള്ള ഒരു വന്‍ മലമ്പാമ്പിനെ മല്‍പിടുത്തത്തിലൂടെ കീഴടക്കുന്ന ഗ്രാമവാസികളുടെ വീഡിയോ ആണത്.

പുഴയുടെ തീരത്ത് കൂടി സഞ്ചരിച്ച ഒരു സംഘം ആളുകള്‍ പുഴയുടെ തീരത്ത് അനങ്ങാതെ കിടക്കുകയായിരുന്ന മലമ്പാമ്പിനെ കണ്ട് മരക്കുറ്റിയാണെന്ന് തെറ്റിദ്ധരിച്ച് അതിന്റെ അടുത്തങ്ങ് കേറി ഇരുന്നു. അതിനിടെ സംഘത്തിലെ ഒരാള്‍ വെറുതെ ‘മരക്കുറ്റി’യില്‍ ഒന്ന് തൊട്ടതോടെ സംഗതി ആകെ മാറിമറിഞ്ഞു. ചീറ്റിക്കൊണ്ട് ഇയാള്‍ക്ക് നേരെ തിരിഞ്ഞ മലമ്പാമ്പിനെ ആദ്യത്തെ ഞെട്ടല്‍ മാറിയതോടെ സംഘം കീഴടക്കാന്‍ ശ്രമം തുടങ്ങി. കാട്ടുവള്ളികള്‍ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവര്‍ അതിനെ മെരുക്കിയത്.

സ്വന്തം ജീവന്‍ പണയം വെച്ച് ഈ ആളുകള്‍ ആ വമ്പന്‍ മലംപാമ്പിനെ കീഴടക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വീഡിയോ കണ്ട നിരവധിപേര്‍ അവരുടെ ധൈര്യത്തെ പ്രശംസിക്കുകയുമുണ്ടായി. എന്നാല്‍ ആ പാമ്പിനെ അതിന്റെ ആവാസ മേഖലയില്‍ ചെന്ന് എന്തിനാണ് ഇവര്‍ ഉപദ്രവിച്ചതെന്ന് ചോദിച്ചു കൊണ്ട് മറ്റൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്.

Top