റഷ്യയില്‍ നടത്തുന്ന സൈനിക അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടു

മോസ്‌ക്കോ: ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ്.സി.ഒ) ഭാഗമായി ഇന്ത്യന്‍ സെന്യം റഷ്യയില്‍ നടത്തുന്ന സൈനിക അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ചൊവാഴ്ച്ച റഷ്യയിലെ 255 സര്‍വീസസ് ചെബര്‍ക്കുളില്‍ വച്ച് നടന്ന പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി ഇന്ത്യന്‍ കരസേനയുടെ പാരാ- കമാന്‍ഡോസ് വിഭാഗം ആകാശ ചാട്ടം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

എസ്.സി.ഒ പീസ് മിഷന്റെ സൈനികാഭ്യാസങ്ങള്‍ ഓഗസ്റ്റ് 24 മുതല്‍ 28 വരെയാണ് നടന്നത്. എസ്.സി.ഒയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ എട്ട് അംഗങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. ഒന്നിന് പുറമേ ഒന്നായി ഇന്ത്യന്‍ സൈനികര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുന്നതിന്റെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഭീകരവിരുദ്ധ സൈനിക നീക്കങ്ങളുടെ അഭ്യാസങ്ങളാണ് ഇത്തവണത്തെ സൈനികാഭ്യാസത്തില്‍ ഉണ്ടായിരുന്നത്. വിവിധ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളുടെ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും കാര്യക്ഷമമാക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനം എന്നീ ലക്ഷ്യങ്ങളാണ് സൈനിക അഭ്യസത്തിനു പിന്നിലെ ലക്ഷ്യം. ഇന്ത്യന്‍ സൈനികര്‍ റഷ്യയില്‍ നിന്ന് ഓഗസ്റ്റ് 30ന് തിരികെയെത്തും.

Top