‘ഇ പിയേയും കുടുംബത്തേയും വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, ആരോപണത്തില്‍ ഗൂഢാലോചന’: വൈദേകം സിഇഒ

കണ്ണൂർ: സാമ്പത്തിക ആരോപണത്തിൽ ഇ പി ജയരാജനെ പിന്തുണച്ച് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫ്. ഇതിൽ ഇ പി ജയരാജന് പങ്കാളിത്തമില്ല. അദ്ദേഹത്തിന്റെ മകൻ ജയ്‌സണ് രണ്ടു ശതമാനം ഓഹരിയുണ്ട്. റിസോർട്ടിന്റെ ഡയറക്ടറുമാണ്. ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും ഓഹരിയുണ്ട്.

ജയ്‌സണ് 10 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. 2014 ലാണ് പി കെ ജെയ്‌സൺ ഓഹരിയെടുക്കുന്നത്. പെൻഷൻ തുകയാണ് ഇന്ദിര നിക്ഷേപിച്ചത്. ഇന്ദിര നിക്ഷേപിച്ച തുക വെളിപ്പെടുത്താൻ കഴിയില്ലെന്നും തോമസ് ജോസഫ് പറഞ്ഞു. റിസോർട്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ജയരാജോ ജയ്‌സണോ ഇടപെടാറില്ലെന്ന് തോമസ് ജോസഫ് പറഞ്ഞു.

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ ആരെന്ന്, ലഭിച്ച തെളിവുകൾ പരിശോധിച്ച ശേഷം കമ്പനി എന്ന നിലയിൽ ഉത്തരവാദിത്തപ്പെട്ട ആളുകൾ പിന്നീട് പറയും. മുൻ എംഡിയും ഇപ്പോഴും ഡയറക്ടർ ബോർഡ് അംഗവുമായ രമേഷ് കുമാർ തെറ്റായ വിധത്തിൽ പ്രവർത്തിക്കുന്നു എന്ന സൂചനകളുണ്ട്.

അക്കാര്യം വ്യക്തമായി പരിശോധിച്ചു വരികയാണ്. വൈദേകം റിസോർട്ട് അല്ല. വൈദേകം ആയുർവേദ ഹീലിങ്ങ് വില്ലേജ് ആണ്. ഇതൊരു ആശുപത്രിയാണെന്നും തോമസ് ജോസഫ് പറഞ്ഞു. ജയരാജന്റെ ഭാര്യയുടേയും മകന്റേയും കൂടി ഓഹരികൾ കൂട്ടിയാൽ പോലും ഒരു കോടി വരില്ലെന്നും വൈദേകം സിഇഒ പറഞ്ഞു.

ജയ്‌സൺ കമ്പനിയിൽ ഓഹരി എടുക്കുമ്പോൾ ഇ പി ജയരാജൻ മന്ത്രിയോ എൽഡിഎഫ് കൺവീനറോ ഒന്നുമല്ല. 2014 ന് ശേഷം ജയ്‌സന്റെ ഷെയർ ഹോൾഡിങ് വർധിച്ചിട്ടില്ല. 20 ഓളം സ്വദേശത്തും വിദേശത്തുമുള്ള ആളുകളുടെ ഓഹരി പങ്കാളിത്തത്തോടെയാണ് വൈദേകം ആശുപത്രി നടത്തുന്നതെന്ന് തോമസ് ജോസഫ് പറഞ്ഞു.

വിവാദങ്ങളിൽ ഇ പി ജയരാജന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇതിലേക്ക് ഇ പി ജയരാജനെ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ്. വിവാദങ്ങളിൽ ജയരാജൻ ആശങ്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല. കാരണം അദ്ദേഹത്തിന് അതിൽ ഭയക്കാൻ ഒന്നുമില്ല. വിവാദങ്ങൾ ചില്ലുകൊട്ടാരം പോലെ തകർന്നു പോകുന്ന വെറും ആക്ഷേപങ്ങൾ മാത്രമാണെന്നും തോമസ് ജോസഫ് പറഞ്ഞു.

Top