എസ്.എഫ്.ഐ മുന്നേറ്റം പ്രതിപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്നത് പല ചോദ്യങ്ങള്‍

തിരാളികളുടെ വേട്ടയാടലിനെ എങ്ങനെ അതിജീവിക്കാം എന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി എസ്.എഫ്.ഐയെയാണ് കണ്ടു പഠിക്കേണ്ടത്. കേരളത്തിലെ കാമ്പസുകളില്‍ ചുവപ്പിന്റെ സര്‍വ്വാധിപത്യം കൂടുതല്‍ ശക്തമായ തെരഞ്ഞെടുപ്പുകളാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്.

എം.ജി സര്‍വ്വകലാശാലക്ക് കീഴിലെ കോളജുകളില്‍ സൃഷ്ടിച്ച മുന്നേറ്റം കൊച്ചി, കാലിക്കറ്റ് കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ക്ക് കീഴിലും എസ്.എഫ്.ഐ ആവര്‍ത്തിച്ചിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി പ്രതിപക്ഷ സംഘടനകളുടെ മഹാസഖ്യത്തെയും മാധ്യമ പ്രചരണങ്ങളെയുമാണ് എസ്.എഫ്.ഐക്ക് ഇത്തവണ നേരിടേണ്ടി വന്നിരുന്നത്. എല്ലായിടത്തും എതിരാളികളുടെ പ്രധാന പ്രചരണ വിഷയം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തന്നെയായിരുന്നു. ഇവിടെ അഖില്‍ എന്ന വിദ്യാര്‍ത്ഥിക്കേറ്റ കുത്തും സംഘര്‍ഷങ്ങളും കോപ്പിയടി വിവാദങ്ങളും ഒക്കെയായിരുന്നു കത്തികയറിയിരുന്നത്.

എസ്.എഫ്.ഐ തോല്‍വി ഉറപ്പിക്കാന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ എന്ന പേരില്‍ ബദല്‍ സംവിധാനം തന്നെ പല കാമ്പസുകളിലും പ്രവര്‍ത്തിച്ചു. ഭീകര സംഘടന എന്ന പോലെ എസ്.എഫ്.ഐയെ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങളില്‍ മുന്‍പ് വന്ന ഏകപക്ഷീയ വാര്‍ത്തകളെയും ഈ വിഭാഗം ആയുധമാക്കി. എന്തിനേറെ സാന്നിധ്യമുള്ള ഏതാനും കാമ്പസുകളില്‍ ഇടത് സംഘടനയായ എ.ഐ.എസ്.എഫ് പോലും പ്രതിപക്ഷ സംഘടനകളുടെ കൂടെ കൂടി എസ്.എഫ്.ഐയെ തോല്‍പ്പിക്കാനാണ് ശ്രമിച്ചിരുന്നത്. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ എട്ടു നിലയിലാണ് ഈ സംഘടനകളെല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 67ല്‍ 55 കോളജുകളിലും എസ്.എഫ്.ഐയാണ് വിജയിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന ബഹുഭൂരിപക്ഷം കോളജ് യൂണിയനുകളും എസ്.എഫ്.ഐ തന്നെയാണ് തൂത്ത് വാരിയിരിക്കുന്നത്. അതായത് തെരഞ്ഞെടുപ്പ് നടന്ന കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എസ്.എഫ്.ഐയുടെ സമ്പൂര്‍ണ്ണ മേധാവിത്വമാണ് പ്രകടമായതെന്ന് വ്യക്തം.

കണ്ണൂര്‍ ജില്ലയില്‍ 41 ല്‍ 34 ലും കാസര്‍ഗോട്ട് 21 ല്‍ പതിനേഴ് കോളജുകളിലും എസ്.എഫ്.ഐയാണ് വിജയിച്ചത്. വയനാട്ടില്‍ തെരഞ്ഞെടുപ്പ് നടന്ന 17 കോളജുകളില്‍ 13ഉം എസ്.എഫ്.ഐക്കാണ്. കോഴിക്കോട് ജില്ലയില്‍ 37 കോളജുകളിലും മലപ്പുറത്ത് 25 കോളജുകളിലും എസ്.എഫ്.ഐ വിജയിച്ചു. പാലക്കാട് 38 ല്‍ 30, തൃശൂരില്‍ 27 ല്‍ 25 ലും തകര്‍പ്പന്‍ വിജയമാണ് എസ്.എഫ്.ഐ നേടിയത്.

എം.ജി സര്‍വ്വകലാശാലക്ക് കീഴിലും കൊച്ചിന്‍ സര്‍വ്വകലാശാലക്ക് കീഴിലും നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിലും എസ്.എഫ്.ഐ സമാനവിജയമാണ് നേടിയിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ജില്ലയായ കോട്ടയത്തും, എറണാകുളത്തും ഇടുക്കിയിലും പത്തനംതിട്ടയിലും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ വാഷ് ഔട്ടായി പോകുന്ന അവസ്ഥപോലും ഉണ്ടായി. ഇനി കേരള സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അത് സപ്തംബര്‍ 27നാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെയും പത്തനംതിട്ടയിലെ അവശേഷിക്കുന്ന 7 കാമ്പസുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതു കൂടി കഴിയുന്നതോടെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വിധിയെഴുത്ത് പൂര്‍ണ്ണമാകും. കേരള സര്‍വ്വകലാശാലക്ക് കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിക്കാന്‍ തന്നെയാണ് സാധ്യത.

പോരാളികളുടെ കാമ്പസായി അറിയപ്പെടുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിധിയെഴുത്തിനായാണ് രാഷ്ട്രീയ കേരളമിപ്പോള്‍ കാതോര്‍ത്തിരിക്കുന്നത്. കുത്തക മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി ഈ യൂണിവേഴ്സിറ്റി കോളജ് വിഷയത്തിലാണ് എസ്.എഫ്.ഐയെ ആക്രമിച്ചത്. നാലാളെ അണിനിരത്തി കെ.എസ്.യു യൂണിറ്റിട്ടതും മാധ്യമങ്ങള്‍ മഹാസംഭവമാക്കി.

തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു കാമ്പസിലും വേവാത്ത ഈ ‘പരിപ്പ്’ യൂണിവേഴ്സിറ്റി കോളജില്‍ ഒരു സീറ്റിലെങ്കിലും ‘വെന്തില്ലെങ്കില്‍’ അത് മാധ്യമങ്ങള്‍ക്കേല്‍ക്കുന്ന വലിയ പ്രഹരമാകും. കാരണം ഏകാധിപത്യമാണ്, ആക്രമണങ്ങളാണ് ഈ കാമ്പസിലെ എസ്.എഫ്.ഐയുടെ മുഖമുദ്ര എന്ന രീതിയിലാണ് ഇവരെല്ലാം പ്രചരണം അഴിച്ച് വിട്ടിരുന്നത്. പണവും നേതൃത്വവും നല്‍കി യൂണിവേഴ്സിറ്റി കോളജില്‍ അട്ടിമറി വിജയത്തിന് കോണ്‍ഗ്രസ്സ് സംസ്ഥാന നേതാക്കള്‍ തന്നെയാണ് അണിയറയില്‍ ചരട് വലിച്ചുകൊണ്ടിരിക്കുന്നത്. എസ്.എഫ്.ഐ വിരുദ്ധ സംഘടനകള്‍ക്കെല്ലാം ഒറ്റ അജണ്ടയേ ഉള്ളൂ. അത് ഒരു സീറ്റിലെങ്കിലും എസ്.എഫ്.ഐയെ ഈ കാമ്പസില്‍ പരാജയപ്പെടുത്തുക എന്നത് മാത്രമാണ്.

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം മുന്‍നിര്‍ത്തി പുറത്ത് വന്ന സ്വതന്ത്ര ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷ സംഘടനകള്‍ കേരള സര്‍വ്വകലാശാലക്ക് കീഴിലും ഇപ്പോള്‍ ആയുധമാക്കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ചിന്താശക്തി അവര്‍ ആര്‍ക്കും പണയം വയ്ക്കാത്തതിനാല്‍ വിജയം സുനിശ്ചിതമാണെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. കേരള സര്‍വ്വകലാശാലക്ക് കീഴില്‍ കൂടി ഇനി തകര്‍ന്നടിഞ്ഞാല്‍ അത് കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന് ഏല്‍ക്കുന്ന വലിയ പ്രഹരമായിമാറും.

പുതിയ തലമുറ ഇപ്പോഴും വീറോടെ എസ്.എഫ്.ഐക്കൊപ്പം നില്‍ക്കുന്നുണ്ടെങ്കില്‍ അത് നല്‍കുന്ന സന്ദേശവും വളരെ വലുതാണ്. കേരളത്തിലെ ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ ഈ ചിന്താഗതികള്‍ക്ക് കഴിയും. എസ്.എഫ്.ഐ വിജയത്തോടെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത കൂടിയാണ്. മാധ്യമവാര്‍ത്ത വിശ്വസിച്ചിരുന്നെങ്കില്‍ വിദ്യാര്‍ത്ഥി സമൂഹം എസ്.എഫ്.ഐക്ക് അനുകൂലമായി ഒരിക്കലും വിധിയെഴുതില്ലായിരുന്നു.

എസ്.എഫ്.ഐ വിരുദ്ധര്‍ ഉണ്ടാക്കിയ സ്വതന്ത്ര കമ്മിഷനെ ആധികാരിക കമ്മിഷനാക്കി വാര്‍ത്ത നല്‍കിയ മാധ്യമങ്ങളാണ് ഇവിടെ ഇളിഭ്യരായിരിക്കുന്നത്. കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ റിപ്പോര്‍ട്ടിന് വിദ്യാര്‍ത്ഥികള്‍ പുല്ല്‌ വില പോലും കല്‍പ്പിച്ചിരുന്നില്ല. എവിടെയും ക്ലച്ച് പിടിക്കാത്ത ഈ റിപ്പോര്‍ട്ട് വച്ച് തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും കാമ്പസുകളില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് പ്രതിപക്ഷ സംഘടനകളിപ്പോള്‍ നോക്കുന്നത്.

ഇടിമുറികള്‍, ക്രിമിനലുകള്‍, കോപ്പിയടിക്കാര്‍, അഹങ്കാരികള്‍, ഏകാധിപതികള്‍ … എസ്.എഫ്.ഐക്ക് മാധ്യമങ്ങള്‍ നല്‍കിയ വിശേഷണങ്ങള്‍ ഇങ്ങിനെ പലതാണ്. ഈ മാധ്യമ ആക്രമണവും പ്രതിപക്ഷ സംഘടനകളുടെ യോജിപ്പുമാണ് യഥാര്‍ത്ഥത്തില്‍ എസ്.എഫ്.ഐക്ക് ഇത്തരത്തില്‍ മഹാവിജയം സാധ്യമാക്കിയിരിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന കേരള സര്‍വ്വകലാശാലക്ക് കീഴിലെ തെരഞ്ഞെടുപ്പിലും ആ വിജയം ചെമ്പട ആവര്‍ത്തിക്കാനാണ് സാധ്യത. അക്കാര്യത്തില്‍ എന്തായാലും തര്‍ക്കമില്ല.

Political Reporter

Top