മേഴ്സിക്കുട്ടിയമ്മക്ക് ജയം അനിവാര്യം, കുണ്ടറയിൽ ശക്തമായ പോരാട്ടം . . .

തെക്കന്‍ ജില്ലകളില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കുണ്ടറ. ഇടതുപക്ഷത്തിന്റെ ഈ സിറ്റിംഗ് സീറ്റില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് പി.സി വിഷ്ണുനാഥിനെ തന്നെ കോണ്‍ഗ്രസ്സും കളത്തിലിറക്കിയിരിക്കുന്നത്. ഇടതുപക്ഷത്തിനു വേണ്ടി വീണ്ടും മേഴ്‌സിക്കുട്ടിയമ്മ തന്നെയാണ് ജനവിധി തേടുന്നത്. അവരുടെ ആത്മവിശ്വാസം തന്നെയാണ് അണികളുടെയും ഊര്‍ജ്ജം. ‘ശത്രുക്കള്‍’ ഭിന്നത മറന്ന് ഒരേ കുടക്കീഴില്‍ അണിനിരക്കുന്നതൊന്നും തന്നെ ഇടതുപക്ഷത്തെ ഭയപ്പെടുത്തുന്നില്ല. സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളുമെല്ലാം വോട്ടാകുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

യു.ഡി.എഫും ശക്തമായാണ് പി.സി വിഷ്ണുനാഥിനായി രംഗത്തിറങ്ങിയിരിക്കുന്നത്. വിജയത്തില്‍ കുറഞ്ഞൊന്നും അവരും പ്രതീക്ഷിക്കുന്നില്ല.’തീ’ പിടിച്ച പ്രചരണമാണ് അവസാന ദിവസങ്ങളില്‍ കുണ്ടറയില്‍ നടക്കുന്നത്. ഇതാകട്ടെ അസാധാരണവുമാണ്. അതേസമയം ഇടത് സര്‍ക്കാറിനെതിരെ ഇടയലേഖനമിറക്കിയ കൊല്ലം രൂപതക്കെതിരെ വിശ്വാസികള്‍ക്കിടയില്‍ തന്നെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. സഭക്ക് പ്രതിബദ്ധത മത്സ്യമേഖലയിലെ ഇടനിലക്കാരോടാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സഭയുടെ നിലപാട് തൊഴിലാളികളുടെ വരുമാന വര്‍ധനവിന് എതിരാണെന്ന വികാരവും മണ്ഡലത്തില്‍ വ്യാപകമാണ്.

ഇടയലേഖനത്തിലുള്ളത് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ദുരാരോപണങ്ങള്‍ മാത്രമാണെന്നാണ് ഇടതുപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്. തനിക്കെതിരെ സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഢാലോചനയുണ്ടെന്ന് തുറന്നു പറഞ്ഞ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും രംഗത്തു വന്നിട്ടുണ്ട്. പ്രമാണികള്‍ക്കെതിരെയുള്ള നിലപാടുകളാണ് ഇതിന് കാരണമെന്നാണ് അവര്‍ തുറന്നടിച്ചിരിക്കുന്നത്. തൊഴിലാളി താല്‍പര്യത്തിന് അപ്പുറം മറ്റൊന്നും തന്നെ തനിക്കില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ പറയുമ്പോള്‍ വലിയ കയ്യടികളോടെയാണ് അണികള്‍ ഈ വാക്കുകളെ സ്വാഗതം ചെയ്യുന്നത്. ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ അവര്‍ക്കു ബോധ്യപ്പെട്ട കാര്യങ്ങളല്ല വിളിച്ചു പറയുന്നതെന്നും മറിച്ച്, പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമര്‍ശനങ്ങളും ഉന്നയിക്കപ്പെടുന്നതെന്നുമാണ് മുഖ്യമന്ത്രി വിമര്‍ശിച്ചിരിക്കുന്നത്. ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്നത് ബന്ധപ്പെട്ടവര്‍ തന്നെ ആലോചിക്കണമെന്നും പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. പക്ഷേ സമൂഹം അതു സ്വീകരിക്കുന്നുണ്ടോ എന്ന് നോക്കുന്നത് നല്ലതാണെന്നും പിണറായി സഭാ നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണത്തോടെയാണ് ഇടയലേഖനത്തിനെതിരായ വികാരവും മണ്ഡലത്തില്‍ കൂടുതല്‍ ശക്തമായിരിക്കുന്നത്.

ഇതോടെ എടുത്ത് ചാടിയുള്ള നടപടിയായിപ്പോയി ഇതെന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. കൊല്ലം താലൂക്കിലെ ഇളമ്പള്ളൂര്‍, കൊറ്റങ്കര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുണ്ടറ നിയോജക മണ്ഡലം. ഇടതുപക്ഷത്തിനൊപ്പവും യു.ഡി.എഫിനൊപ്പവും മാറി മാറി നിന്നിട്ടുള്ള മണ്ഡലമാണ് കുണ്ടറ. 2006 മുതല്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടത്പക്ഷത്തെ വിജയിപ്പിച്ച മണ്ഡലമാണിത്. രണ്ട് തവണ എം.എ. ബേബിയും 2016-ല്‍ ജെ. മേഴ്‌സിക്കുട്ടിയമ്മയുമാണ് നിയമസഭയിലേക്ക് എത്തിയിരുന്നത്.

മെഴ്‌സിക്കുട്ടിയമ്മക്ക് ഒരവസരം കൂടി സി.പി.എം നല്‍കിയത് തന്നെ അവരുടെ പ്രവര്‍ത്തന മികവ് മുന്‍ നിര്‍ത്തിയാണ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ മേഴ്‌സിക്കുട്ടിയമ്മ നിരവധി തവണ പൊലീസ് മര്‍ദ്ദനത്തിനും ഇരയായിട്ടുണ്ട്. എം.എല്‍.എ ആയപ്പോഴും മന്ത്രി പദവിയിലെത്തിയപ്പോഴും സാധാരണക്കാരില്‍ ഒരാളായി തന്നെയാണ് അവര്‍ ജനങ്ങളോട് ഇടപ്പെട്ടു വരുന്നത്. ഈ ലാളിത്വം തന്നെയാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നത്. ആരോപണങ്ങള്‍ക്കു മേല്‍ ആധികാരികമായ ഒരു വിജയം . . . അതു തന്നെയാണ് കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയും പ്രതീക്ഷിക്കുന്നത്.

 

Top