26/11 താക്കറെയ്ക്ക് രാഷ്ട്രീയം കളിക്കാനുള്ള തീയതി അല്ല; മുംബൈ ഭീകരാക്രമണ ഇരകള്‍

ജെഎന്‍യുവില്‍ നടന്ന അതിക്രമങ്ങളെ മുംബൈ ഭീകരാക്രമണവുമായി താരതമ്യം ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ രോഷാകുലരായി 26/11 ഇരകള്‍. ജെഎന്‍യു സംഭവത്തില്‍ പ്രതികരിക്കവെയാണ് ഉദ്ധവ് അക്രമങ്ങളെ മുംബൈ ഭീകരാക്രമണങ്ങളുമായി താരതമ്യം ചെയ്തത്.

‘മുഖംമറച്ചെത്തിയ ഓരോരുത്തരെയും തിരിച്ചറിയണം, യുവാക്കളുടെ ആത്മവിശ്വാസം നേടേണ്ട സമയത്ത് അത് നഷ്ടമാകുകയാണ്. അവര്‍ ഭീരുക്കളാണ്. ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ 26/11 ആണ് ഓര്‍മ്മ വന്നത്’, ഉദ്ധവ് താക്കറെ പ്രതികരിച്ചു. മഹാരാഷ്ട്രയിലെ യൂണിവേഴ്‌സിറ്റികളില്‍ ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്നും ഉദ്ധവ് ഉറപ്പുനല്‍കി. മഹാരാഷ്ട്ര മുഖ്യന്റെ താരതമ്യം ഞെട്ടലോടെയാണ് 26/11 ഇരകള്‍ ശ്രവിച്ചത്.

2008 ഭീകരാക്രമണത്തില്‍ വെടിയേല്‍ക്കുകയും ജീവിതം തിരിച്ചുപിടിത്തുകയും ചെയ്ത വിദ്യാത്ഥി ദേവിക റോത്താവന്‍ ഈ സംഭവങ്ങളെ താരതമ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ‘രാജ്യത്തിന് പുറത്ത് നിന്നെത്തിയ ചാവേറുകളാണ് അവര്‍. അവര്‍ സാധാരണക്കാരെയും, പോലീസിനെയും, എന്‍എസ്ജി കമ്മാന്‍ഡോയെയും വരെ കൊന്നു. 166 പേരെങ്കിലും അന്ന് മരിച്ചു. അവര്‍ മുഖം മറച്ചിരുന്നില്ല. ഇപ്പോള്‍ നമ്മുടെ ആളുകളാണ് അക്രമം നടത്തിയത്. ഇത് 26/11 പോലെ ഭീതിദമായ ഭീകരാക്രമണമല്ല’, ദേവിക ചൂണ്ടിക്കാണിച്ചു.

രാഷ്ട്രീയ കാരണങ്ങളുടെ പേരിലുള്ള അക്രമങ്ങളെ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് ഇരകള്‍ ഓര്‍മ്മിപ്പിക്കുന്നു. ’11 വര്‍ഷം കടന്നുപോയി. എന്നിട്ടും അനുഭവിക്കുകയാണ്. ഭീകരര്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുകയാണ് അന്ന് സംഭവിച്ചത്. ഇതിനെ ജെഎന്‍യു അക്രമവുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല’, സ്‌ഫോടനത്തില്‍ പരുക്കേറ്റ് കിടക്കുന്ന ഭര്‍ത്താവിന്റെ അരികില്‍ ഇരുന്ന് ബേബി ചൗധരി പറയുന്നു.

Top