വിക്കി കൗശല്‍ – കത്രീന കൈഫ് വിവാഹം; ചിത്രങ്ങള്‍ പങ്കുവച്ച് വിക്കി കൗശല്‍

ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായി. ജയ്പൂരില്‍വച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു സന്നിഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ വിക്കി കൗശല്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.

‘ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും സ്‌നേഹാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു’, ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വിക്കി കൗശല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ട് ആയിരുന്നു വിവാഹവേദി. മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹല്‍ദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്.

വിവാഹസ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുത് തുടങ്ങി അതിഥികള്‍ക്ക് ചില നിബന്ധനകളും പാലിക്കേണ്ടിയിരുന്നു. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വിക്കി കൗശല്‍ പങ്കുവെക്കുന്നതുവരെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നും എത്തിയിരുന്നില്ല. സമീപകാലത്ത് മറ്റൊരു താരവിവാഹത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷകശ്രദ്ധയാണ് കത്രീന വിക്കി വിവാഹത്തിന് ലഭിച്ചത്.

Top