വന്ദേമാതരവും ജയ് ഹിന്ദും ഭാരത് മാതായും വിളിക്കുന്നത് ദേശസ്‌നേഹമാകില്ല; ഉപരാഷ്ട്രപതി

venkayya

ചെന്നൈ: ദേശസ്‌നേഹമെന്നാല്‍ പരസ്പരം നല്‍കുന്ന പിന്തുണയാണെന്നും വന്ദേമാതരവും ജയ്ഹിന്ദും മുഴക്കുന്നതല്ല ദേശസ്‌നേഹമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

ഇപ്പോഴും ദേശസ്‌നേഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കശ്മീരില്‍ എന്തെങ്കിലും സംഭവിച്ചാലും മറിച്ച് കന്യാകുമാരിയില്‍ സംഭവിച്ചാലും പ്രതികരിക്കണം. കേരളത്തില്‍ എന്തെങ്കിലും നടന്നാലും പ്രതികരിക്കണം. അതിനെയാണ് ദേശസ്‌നേഹമെന്ന് പറയുന്നത്. ദേശീയത എന്നാല്‍ എല്ലാ ഇന്ത്യക്കാരെയും പിന്തുണയ്ക്കുന്നതാണെന്നും വെങ്കിയ്യ നായിഡു പറഞ്ഞു. ഭരണഘടന സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ഉപരാഷ്ട്രപതി അറിയിച്ചു.

ജുഡീഷ്വറിയോ സിഎജിയോ സര്‍വകലാശാലയോ തെരഞ്ഞെടുപ്പ് കമ്മീഷനോ പാര്‍ലമെന്റോ എന്തുമാകട്ടെ, അവയെ തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകരുത്. സര്‍വകലാശാലകളില്‍ ഒരുതരത്തിലുള്ള ബാഹ്യ ഇടപാടുകളുമുണ്ടാകരുത്. രാജ്യത്തെ 900 സര്‍വകലാശലകള്‍ അങ്ങനെയാണെന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ചെന്നൈയില്‍ മാനേജ്മെന്റ് ബിരുദധാരികളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണരീതികള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക ഭക്ഷണം ഇഷ്ടമുള്ളവരും അത് ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരും അതിനായി സ്വകാര്യമായി പാര്‍ട്ടികള്‍ സംഘടിപ്പിക്കണം. ക്യാമ്പസുകളില്‍ അത് ഒരു പൊതു വിഷയമായി ഉയര്‍ത്തരുതെന്നും ബീഫ് ഫെസ്റ്റുവകളെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

ഉമ്മ വെയ്ക്കണമെന്നുള്ളവര്‍ക്ക് അത് അവരുടെ മുറികളിലാകാം. എന്തിനാണ് അത് പൊതുവില്‍ ചെയ്യുന്നത്, അത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

Top