ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ആഗസ്റ്റിൽ

പരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകൾ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകൾ പിൻവലിക്കാം. ആഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്നു തന്നെ വോട്ടെണ്ണലും ഉണ്ടാകും.

രാഷ്ട്രപതി കഴിഞ്ഞാൽ ഏറ്റവും ഉയർന്ന പദവിയാണ് ഉപരാഷ്ട്രപതിയുടേത്. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമനിർമ്മാണാധികാരവും ഉപരാഷ്ട്രപതിയാണ് വഹിക്കുക. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന ഉപരാഷ്ട്രപതിക്ക് നൽകുന്നു. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്സഭയിലെ 543 ലോക്സഭാ അംഗങ്ങളുംകൂടിയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. അതിനു മുൻപായി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന രീതിയിലാണ് പ്രക്രിയകൾ തീരുമാനിച്ചിരിക്കുന്നത്.

 

Top