‘സ്വന്തം ഇഷ്ടങ്ങള്‍ ചെയ്തുകൂട്ടാനായി നിയമിച്ചിരിക്കുന്ന പപ്പറ്റുകളാക്കി വൈസ് ചാന്‍സിലര്‍മാരെ മാറ്റി’;വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെയും സര്‍വകലാശാലകളുടെയും ഇന്നത്തെ അവസ്ഥ കണ്ടാല്‍ സങ്കടവും സഹതാപവുമല്ലാതെ മുപ്പതാംകിട കുശുമ്പെങ്കിലും തോന്നുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മികവിന്റെ കേന്ദ്രമാകേണ്ട സര്‍വകലാശാലകളെ സ്വന്തം പാര്‍ട്ടിക്കാരെയും ഇഷ്ടക്കാരെയും പിന്‍വാതിലിലൂടെ നിയമിക്കാനുള്ള ലാവണങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ മികവില്‍ പ്രതിപക്ഷത്തിന് കുശുമ്പാണെന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ എല്ലാ ദിവസത്തെയും വാര്‍ത്തകളിലൊന്ന് പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചാണ്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെ ഒരു സര്‍വകലാശാലകളിലും നിയമിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതിനുവേണ്ട മാനദണ്ഡങ്ങള്‍ സൗകര്യംപോലെ മാറ്റുകയാണ്. ഇതിലൂടെ അര്‍ഹരായവര്‍ പിന്തള്ളപ്പെടുകയാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ അക്കാദമിക് സമൂഹത്തിലും ചെറുപ്പക്കാരിലും അസ്വസ്ഥത ഉണ്ടാക്കിയിരിക്കുകയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ത്ത് പാര്‍ട്ടി ഓഫീസുകളാക്കി മാറ്റുന്നത് ശരിയല്ല. ഇക്കാര്യമാണ് നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.

സ്വന്തം ഇഷ്ടങ്ങള്‍ ചെയ്തുകൂട്ടാനായി നിയമിച്ചിരിക്കുന്ന പപ്പറ്റുകളാക്കി വൈസ് ചാന്‍സിലര്‍മാരെ മാറ്റിയിരിക്കുകയാണ്. ഗവേഷണം പ്രബന്ധം കോപ്പിയടിച്ചയാളെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചു. പ്രബന്ധങ്ങള്‍ പരിശോധിക്കാന്‍ സര്‍വകലാശാല തീരുമാനിക്കുന്നതിന് മുന്‍പാണ് തന്റെ നിയമനം നടന്നതെന്നും അതിനാല്‍ കോപ്പിയടി ഗൗരവമായി എടുക്കരുതെന്നും ഇദ്ദേഹം സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം സര്‍വകലാശാലയും അംഗീകരിച്ചു. അക്കാദമിക് മികവുള്ള ആളുകള്‍ എഴുതിയ പ്രബന്ധം കോപ്പിയടിച്ചയാള്‍ ഇപ്പോഴും നമ്മുടെ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് കോഴ്സ് സിലബസില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വി.സിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ എം.എയ്ക്ക് പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച വി.സിയെ കൈയ്യില്‍ വച്ചുകൊണ്ടാണ് ഹിന്ദുത്വ അജണ്ടയെ കുറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. ഇത് തന്നെയാണ് മോദി സര്‍ക്കാരിന് എതിരായ അക്കാദമിക് സമൂഹത്തിന്റെ ആരോപണം. ചരിത്രത്തെ വളച്ചൊടിച്ച് അവരുടെ നേതാക്കളുടെ അജണ്ട സിലബസിലേക്കും ചരിത്രത്തിലേക്കും കുത്തിക്കയറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് നമ്മള്‍ ഒരുമിച്ച് മോദി സര്‍ക്കാരിനെതിരെ പറയുന്ന ആരോപണം. എന്നിട്ടാണ് ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ കുട്ടികള്‍ പഠിക്കാതെ പോകരുതെന്ന് പറഞ്ഞ മന്ത്രി പ്രതിപക്ഷത്തിന് മൃദു ഹിന്ദുത്വമാണെന്ന് പറയുന്നത്- സതീശൻ പറഞ്ഞു.

Top