VHP surveys four districts in Keralam;Survey on Hindu ‘forced migration’ on VHP agenda

ന്യൂഡല്‍ഹി: കേരളത്തിലെ നാലു ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നും അവരെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്നും വിശ്വഹിന്ദുപരിഷത്ത് കേന്ദ്ര നേതൃത്വം.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ പല ഗ്രാമങ്ങളിലും ഹിന്ദുക്കള്‍ ചെറിയ കൂട്ടങ്ങളായി മാറിയെന്നും ഇവിടെ സര്‍വെ നടത്തി അവരുടെ സംരക്ഷണത്തിനായി നിലയുറപ്പിക്കുമെന്നാണ് വി.എച്ച്.പി പ്രമേയം പാസാക്കിയത്.

ഇക്കാര്യത്തില്‍ സര്‍ക്കാരുകളുടെ സഹായം തേടുമെന്നും അതു ലഭ്യമാകുന്നില്ലെങ്കില്‍ സമൂഹത്തില്‍ നിന്നും സഹായം സ്വീകരിക്കാന്‍ നടപടിയെടുക്കുമെന്നും വി.എച്ച്.പി കേന്ദ്രനേതൃത്വം അറിയിച്ചു.

ഇക്കാര്യം മുന്‍നിര്‍ത്തി വര്‍ഷകാല സമ്മേളനത്തില്‍ എം.പിമാരെ സമീപിക്കുമെന്നും വി.എച്ച്.പി വ്യക്തമാക്കി. കേരളത്തിനെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാക്കാനാണ് ആര്‍.എസ്.എസിന്റെ സംഘ്പരിവാര്‍ സംഘടനയായ വി.എച്ച്.പിയുടെ തീരുമാനം.

സാമുദായിക സ്പര്‍ദ്ധകളോ പ്രശ്‌നങ്ങളോ ഇല്ലാത്ത കേരളത്തില്‍ മതപരമായ അസ്വസ്ഥതകള്‍ സൃഷ്ടിച്ച് ഹിന്ദു ഏകീകരണമെന്ന ആര്‍.എസ്.എസ് ലക്ഷ്യം നേടാനാണ് നീക്കം.

ആര്‍.എസ്.എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത് കേരളത്തില്‍ ഹിന്ദു ഏകീകരണമുണ്ടാകണമെന്ന നിലപാട് നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതിനായി ആര്‍.എസ്.എസിന്റെ സാംഘിക്കും ഹിന്ദു സംഘടനകളുടെ യോഗവും മോഹന്‍ഭാഗവത് കേരളത്തിലെത്തി വിളിച്ചുകൂട്ടിയിരുന്നു. നിയമസഭയില്‍ ബി.ജെ.പിക്ക് ഒരു എം.എല്‍.എയെ ലഭിച്ചതും വോട്ടിങ് ശതമാനം വര്‍ധിച്ചതും കണക്കിലെടുത്ത് ഹിന്ദു ഏകീകരണമുണ്ടാക്കി രാഷ്ട്രീയ ശക്തിയാകാനാണ് സംഘ്പരിവാര്‍ നീക്കം. ഇതിന്റെ ഭാഗമായാണ് വി.എച്ച്.പിയുടെ കേന്ദ്രനേതൃത്വം പ്രമേയം പാസാക്കിയത്.

Top