മതവികാരം വ്രണപ്പെടുത്തുന്നു; കേരള ടൂറിസം വകുപ്പിന്റെ ബീഫ് ഫ്രൈക്കെതിരെ വിഎച്ച്പി

ന്യൂഡല്‍ഹി: കേരള ടൂറിസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ബീഫ് ഉലത്തിയതിന്റെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഗോഭക്തരെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷത് രംഗത്ത്.

‘ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണോ, അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ ഈ ട്വീറ്റ്? പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് പേരുടെ വികാരത്തെ ഇത് വ്രണപ്പെടുത്തില്ലേ? ശങ്കരാചാര്യരുടെ പുണ്യ ഭൂമിയില്‍നിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് ഉണ്ടായത്?’, വിനോദ് ബന്‍സാല്‍ ട്വീറ്റില്‍ ചോദിക്കുന്നു.

ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെ ഉപദേശിക്കണമെന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെയും വിനോദ് ബന്‍സാല്‍ ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്.

നിങ്ങളുടെ വിനോദ സഞ്ചാരികളില്‍ കോടിക്കണക്കിന് പേര്‍ ഗോ ഭക്തരാണെന്നും അവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുതെന്ന് മനസ്സിലാക്കണമെന്നും മറ്റൊരു ട്വീറ്റില്‍ വിനോദ് ബന്‍സാല്‍ പറയുന്നു. കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്രം ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍, ടൂറിസം മന്ത്രാലയം എന്നിവരെ ടാഗ് ചെയ്താണ് ഈ ട്വീറ്റ്.

ബീഫ് ഉലര്‍ത്തിയതിന്റെ പാചകക്കൂട്ട് പരിചയപ്പെടുത്തുന്ന കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റാണ് വിവാദത്തിലായത്.കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ബുധനാഴ്ച ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്യപ്പെട്ടത്. സുഗന്ധ വ്യഞ്ജനങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ട വിഭവമാണിതെന്നും ട്വീറ്റില്‍ പറയുന്നു.

ട്വീറ്റിനെതിരെ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി കമന്റുകളുമായി ഒരു സംഘമെത്തി.ബീഫിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് രംഗത്തെത്തിയവരില്‍ ഏറെയും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. അതേസമയം, ബീഫിന്റെ രുചി വിവരിച്ചുകൊണ്ടും ട്വീറ്റിനെ പിന്തുണച്ചുകൊണ്ടും മലയാളികളുടെ നിരവധി പ്രതികരണങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Top