സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് ഹിന്ദു ഹി ആഗെ നേതാവ്

Salman Khan,

ആഗ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും ‘ലവ് രാത്രി’ സിനിമയുടെ സെറ്റ് അടിച്ചുതകര്‍ക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗെ നേതാവ്. ആഗ്രയിലെ ഹിന്ദു ഹി ആഗെയുടെ നേതാവും വി.എച്ച്.പി പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ സഹായിയുമായ ഗോവിന്ദ് പരേഷാറാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ലവ് രാത്രി. നവരാത്രിയെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. സിനിമയുടെ പേര് നവരാത്രിയെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം വി.എച്ച്.പിയും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. സിനിമയുടെ പേര് നവരാത്രിയെ അപമാനിക്കുന്നതരത്തിലാണ്. രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും വി.എച്.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് തന്നെയാണ് ഈ ചിത്രം തീയറ്ററുകളിലേക്കെത്തുന്നതും. സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. അഭിരാജ് മിനവാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top